യൂറോ കപ്പിനിടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടയാള്‍ അറസ്റില്‍
Tuesday, June 7, 2016 8:21 AM IST
പാരീസ്: ഫ്രാന്‍സില്‍ യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ പതിനഞ്ച് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതി തയാറാക്കിയ ആളെ പോലീസ് അറസ്റ് ചെയ്തു.

ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുസ്ലിംകളെയും ജൂതരെയും കൊന്നൊടുക്കുകയായിരുന്നുവെത്രെ ഇയാളുടെ ലക്ഷ്യം. കൂട്ടക്കുടിയേറ്റവും ഇസ്ലാമിന്റെ വ്യാപനവും തടയാനാണ് ഇയാള്‍ ഇതിലൂടെ ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമാകുന്നു.

യുക്രെയ്ന്‍ - പോളിഷ് അതിര്‍ത്തിയിലാണ് അറസ്റ്. കഴിഞ്ഞ മാസമാണ് കസ്റഡിയിലായതെങ്കിലും വിവരങ്ങള്‍ പുറത്തുവരുന്നത് ഇപ്പോള്‍ മാത്രം. ആക്രമണം നടത്താന്‍ മെഷീന്‍ ഗണ്ണുകള്‍, ടിഎന്‍ടി, ഗ്രനേഡ് ലോഞ്ചറുകള്‍, ഡിറ്റനേറ്ററുകള്‍, ബലാക്ളാവ്സ് തുടങ്ങിയവ ഇയാള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇതും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

യുക്രെയ്ന്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളുടെ പദ്ധതി തകര്‍ത്തത്. ഇപ്പോള്‍ ഫ്രഞ്ച് പോലീസിനു കൈമാറിയിരിക്കുകയാണ്. യൂറോപ്യന്‍ പൌരന്‍ തന്നെയാണെന്നാണ് സൂചന. ഗ്രിഗറി മോടോക്സ് (25) എന്ന പേരാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നതെങ്കിലും ഇത് യഥാര്‍ഥമാണോ എന്നു വ്യക്തമല്ല. ഇയാള്‍ കിഴക്കന്‍ ഫ്രാന്‍സിലെ നാന്റ് ലെ പെറ്റിറ്റ് എന്ന ചെറുഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍