ഓസ്ട്രിയയില്‍ പ്രതിവര്‍ഷം 14,000 പേര്‍ പുകവലി മൂലം മരിക്കുന്നു
Tuesday, June 7, 2016 5:41 AM IST
വിയന്ന: ലോക പുകയില വിരുദ്ധ ദിനം കടന്നുപോകുമ്പോള്‍ ഓസ്ട്രിയയില്‍ പുകവലിക്കുന്നവരുടെ എണ്ണം 20 ശതമാനമാണ്. ലോകമെമ്പാടും ഓരോ ആറു സെക്കന്‍ഡിലും ഒരാള്‍ എന്ന കണക്കില്‍ മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതിവര്‍ഷം 60 ലക്ഷം പേരാണു പുകവലിയുടെ ദൂഷ്യഫലങ്ങള്‍ മൂലം മരണത്തിനു കീഴടങ്ങുന്നത്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഓസ്ട്രിയന്‍ ജനസംഖ്യയില്‍ 26 ശതമാനവും പുകവലിക്കാരാണ്. യൂറോപ്പില്‍ പുകവലിക്കാരുടെ കാര്യത്തില്‍ പ്രഥമ സ്ഥാനവും ഓസ്ട്രിയയ്ക്ക് സ്വന്തം. ഇതില്‍ ഏഴു ലക്ഷം പേര്‍ നിരന്തരം സിഗരറ്റ് കടകളില്‍ കയറിയിറങ്ങുന്നവരുമാണ്.

യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമമനുസരിച്ച് മേയ് മുതല്‍ സിഗരറ്റ് പായ്ക്കറ്റുകളില്‍ ദാരുണമായ ചിത്രങ്ങള്‍ മുദ്രണം ചെയ്ത് ഓസ്ട്രിയയില്‍ ഇറക്കിതുടങ്ങിയെങ്കിലും പുകവലിക്കാരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. പുകവലിക്കാരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നതാണ് മറ്റൊരു വസ്തുത.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍