മിനിമം വരുമാന നിര്‍ദേശം സ്വിസ് ജനത തള്ളി
Monday, June 6, 2016 8:23 AM IST
ജനീവ: രാജ്യത്തെ മുഴുവന്‍ പൌരന്‍മാര്‍ക്കും ജോലിയുണ്േടാ എന്നു നോക്കാതെ മിനിമം പ്രതിമാസ വരുമാനം ഉറപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദേശം ജനഹിത പരിശോധനയില്‍ പരാജയപ്പെട്ടു.

ഞായറാഴ്ച നടത്തിയ അന്തിമ ഹിത പരിശോധനയില്‍ 77 ശതമാനം പേരും നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു. 23 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്.

ബേസിക് ഇന്‍കം സ്വിറ്റ്സര്‍ലന്‍ഡ് എന്ന സംഘടനയായിരുന്നു ഇതിനു പിന്നില്‍.രാജ്യത്തെ മുഴുവന്‍ പൌരന്‍മാര്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്ത് ആദ്യമായി ഇത്തരത്തിലൊരു ഹിതപരിശോധന നടന്നത്.

ആളുകളുടെ സാഹചര്യമോ പശ്ചാത്തലമോ എന്തു തന്നെയായാലും മാന്യമായ പൊതുജീവിതം നയിക്കാന്‍ ആവശ്യമായ വരുമാനം ഉറപ്പാക്കുക എന്നതാണ് സ്വകാര്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിച്ച ഹിതപരിശോധനയുടെ ലക്ഷ്യം. ജൂണ്‍ അഞ്ചിനാണ് വോട്ടെടുപ്പു നടന്നത്.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും 2500 സ്വിസ് ഫ്രാങ്കും കുട്ടികള്‍ക്ക് 625 ഫ്രാങ്കും ഉറപ്പാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ജോലി ചെയ്യാതെ ലഭിക്കുന്ന പണം അലസന്മാരെ കൂടുതലായി സൃഷ്ടിക്കുന്ന പ്രവണതയായി തുടരുമെന്ന വ്യക്തമായ സന്ദേശവും സ്വിസ് ജനത ഇതുവഴിയായി ലോകത്തിനു നല്‍കിയെന്നതും ഒരു ശ്രദ്ധേയമായ കാര്യമാണ്. സ്വിറ്റ്ലന്‍ഡിന്റെ ചുവടു പിടിച്ച് ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്. കാനഡ എന്നീ രാജ്യങ്ങള്‍ ഇത്തരത്തിലൊരു ഹിതപരിശോധനയ്ക്ക് തയാറെടുക്കുകയാണ്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും പൊതുവേ ഈ നിര്‍ദേശത്തോട് എതിര്‍പ്പു തന്നെയായിരുന്നു. ചെയ്യുന്ന ജോലിയും കിട്ടുന്ന വരുമാനവും തമ്മില്‍ ബന്ധമില്ലാതാകുന്നത് സമൂഹത്തിനു ദോഷം ചെയ്യുമെന്നായിരുന്നു പ്രധാന എതിര്‍ വാദം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന ഇത്തരമൊരു തീരുമാനത്തിന് ഞങ്ങളെ കിട്ടില്ല എന്ന വ്യക്തമായ സന്ദേശം നല്‍കികൊണ്ടാണ് സ്വിസ് ജനത ഹിതപരിശോധനയില്‍ വിധിയെഴുതിയത്. എന്നാല്‍ ഇത് അനുകൂലമായി വന്നിരുന്നെങ്കില്‍ രാജ്യത്തിന് 20900 കോടി ഫ്രാങ്ക് ബാധ്യത ഉണ്ടാകുമെന്ന മുന്നറിയിപ്പു നേരത്തെ തന്നെ ഉണ്ടായിരുന്നു.

രാജ്യത്തെ മുഴുവന്‍ പൌരന്‍മാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്നതിനുള്ള ഹിത പരിശോധനക്കായി സ്വിറ്റ്സര്‍ലന്‍ഡില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടി ലോക റിക്കാര്‍ഡ് സ്ഥാപിച്ചു.

8115 ചതുരശ്ര മീറ്റര്‍ (87,350 ചതുരശ്ര അടി) വലുപ്പമുള്ള പോസ്ററാണ് പ്രചാരണത്തിനായി സംഘാടകര്‍ തയാറാക്കിയത്. ഇതിനുപയോഗിച്ചത് കൂറ്റന്‍ പ്ളാസ്റിക് ഷീറ്റുകളായിരുന്നു. മധ്യജനീവയിലെ തുറസായ സ്ഥലത്തായിരുന്നു പരിപാടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍