മഴവില്‍ സംഗീതം നാലാം എഡിഷന്‍ ചരിത്ര വിജയമായി
Monday, June 6, 2016 6:24 AM IST
ലണ്ടന്‍: ബോണ്‍മൌത്തില്‍ നടന്ന മഴവില്‍ സംഗീതം നാലാം എഡിഷന്‍ ചരിത്ര വിജയമായി. ആന്‍ഡോവര്‍ മലയാളി അസോസിയേഷനിലെ കുരുന്നുകള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച സംഗീത പരിപാടിക്ക് തുടക്കമിട്ടത് അനീഷ് ജോര്‍ജിന്റെ ഗാനത്തോടെയാണ്.

അവതാരകരായിയെത്തിയ പദ്മരാജ്, സില്‍വി ജോസ്, ജെന്‍സി ജോജി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ടെസ്മോള്‍ ജോര്‍ജ് പ്രാര്‍ഥന ഗീതം ആലപിച്ചു. മഴവില്‍ സംഗീതത്തിന്റെ സംഘാടകനും യുക്മ സൌത്ത് വെസ്റ് റീജണ്‍ ജനറല്‍ സെക്രട്ടറിയുമായ കെ.എസ്. ജോണ്‍സണ്‍ വിശിഷ്ടാതിഥികള്‍ക്കും സദസിനും സ്വാഗതം ആശംസിച്ചു. മഴവില്‍ സംഗീതത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച എല്ലാ മലയാളികള്‍ക്കും ചടങ്ങില്‍ അധ്യക്ഷത വഹിച്ച അനീഷ് നന്ദി പറഞ്ഞു. തുടര്‍ന്നു മലയാളികളുടെ പ്രിയപ്പെട്ട പ്രണയ നായകന്‍ ശങ്കര്‍ പണിക്കര്‍ മഴവില്‍ സംഗീതം നാലാം എഡിഷന്‍ ഉദ്ഘാടനം ചെയ്തു. രാജഗോപാല്‍ കോങ്ങാട്, മുന്‍ ക്രോയ്ഡോണ്‍ മേയറും കൌണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ്, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ ആശംകള്‍ നേര്‍ന്നു.

വിവിധ മേഖലകളില്‍ മഴവില്‍ സംഗീതത്തിനു നല്കിയ സംഭാവനകള്‍ക്കു ബിജു മൂന്നാനപ്പള്ളി, ബോബി അഗസ്റിന്‍, സന്തോഷ് നമ്പ്യാര്‍, സുജു ജോസഫ് എന്നിവര്‍ക്കു പ്രത്യേക പുരസ്കാരങ്ങള്‍ ശങ്കര്‍ സമ്മാനിച്ചു. മഴവില്‍ സംഗീതത്തിന്റെ തുടര്‍ന്നുമുള്ള പ്രചാരണത്തിനു സന്തോഷ് നമ്പ്യാര്‍ ഈണം നല്കിയ തീം മ്യൂസിക് ശങ്കര്‍ പ്രകാശനം ചെയ്തു. മഴവില്‍ സംഗീതത്തിനെത്തിയ എല്ലാ ഗായകര്‍ക്കും കലാകാരന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. അനീഷ് ജോര്‍ജ്, ടെസ്മോള്‍ ജോര്‍ജ്, ഡാന്റോ പോള്‍, കെ.എസ്. ജോണ്‍സണ്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍ക്ക് മഴവില്‍ സംഗീതം ഉപഹാരം സമര്‍പ്പിച്ചു.

നാല് മണിക്കൂറിലധികം നീണ്ടു നിന്ന പരിപാടിക്ക് സദസില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. വളര്‍ന്നു വരുന്ന പുതു തലമുറ ഗായകര്‍ക്കും അവസരമൊരുക്കിയ പരിപാടിക്ക് നിറ ചാരുതയേകാന്‍ സാലിസ്ബറി, ആന്‍ഡോവര്‍, ഹോര്‍ഷം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികളുടെ നൃത്തങ്ങളും ഉണ്ടായിരുന്നു. നാടന്‍ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും സിബി ഫോട്ടോ സ്റുഡിയോയും മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരുന്നു. കൂടാതെ ഫോട്ടോജിന്‍സ്, റോസ് ഫോട്ടോഗ്രാഫി. ബിടിഎം ഫോട്ടോഗ്രാഫി തുടങ്ങിയവരും മഴവില്‍ സംഗീതത്തിന് ഒപ്പമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍