ഡ്യൂസല്‍ഡോര്‍ഫ് നഗരത്തില്‍ ഭീകരാക്രമണ പദ്ധതി പോലീസ് പൊളിച്ചടുക്കി
Saturday, June 4, 2016 8:50 AM IST
ഡ്യൂസല്‍ഡോര്‍ഫ്: നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയയുടെ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാകുന്നു. മുന്‍പ് തിരിച്ചറിഞ്ഞിരുന്നതിനേക്കാള്‍ വിപുലമായ പദ്ധതിയാണ് ഇപ്പോള്‍ ചുരുളഴിഞ്ഞിരിക്കുന്നത്.

പോലീസിന്റെ പിടിയിലായ ഒരു ഐഎസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകളില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്. പദ്ധതിയില്‍ പത്തു പേര്‍ ഉള്‍പ്പെട്ടിരുന്നു എന്നും ഇയാള്‍ സമ്മതിച്ചു.

ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് വ്യാഴാഴ്ച മൂന്നു ഐഎസ് പ്രവര്‍ത്തകര്‍ കൂടി ഡ്യൂസല്‍ഡോര്‍ഫില്‍ അറസ്റിലായിരുന്നു. ആദ്യത്തെ ആള്‍ നേരത്തെ പാരീസില്‍ സ്വയം പോലീസിനു കീഴടങ്ങുകയായിരുന്നു.

അറസ്റ്റിലായ മൂന്നു പേരും സിറിയന്‍ പൌരന്‍മാരാണ്. കഴിഞ്ഞ വര്‍ഷം ബാള്‍ക്കന്‍ പാത വഴിയാണ് ഇവര്‍ ജര്‍മനിയിലെത്തിയത്. അഭയാര്‍ഥികള്‍ സ്ഥിരമായി ഉപയോഗിച്ചുവന്ന പാതയാണിത്.

സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് ആറു പേരും പിന്നീട് സംഘത്തത്തൊടൊപ്പം ചേരുമെന്നായിരുന്നത്രെ ധാരണ. ഇതില്‍ രണ്ടുപേര്‍ ആല്‍ട്ട്സ്റാട്ട് ജില്ലയില്‍ ചാവേര്‍ സ്ഫോടനം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. മറ്റുള്ളവര്‍ അതിനു പിന്നാലെ തോക്കുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് കൂടുതല്‍ സിവിലിയന്‍മാരെ കൊന്നൊടുക്കാനും പദ്ധതി തയാറാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍