സാമ്പത്തിക ശക്തിയായി ഇന്ത്യ ലോകരാജ്യങ്ങളില്‍ ഏഴാമത്
Wednesday, June 1, 2016 6:06 AM IST
ഫ്രാങ്ക്ഫര്‍ട്ട്: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്നതില്‍ ഇന്ത്യ ഏഴാം സ്ഥാനം ഉറപ്പിച്ചു. 2016 ആദ്യ മാസങ്ങളില്‍ ഇന്ത്യ 7.9% സാമ്പത്തിക വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്തിലെ മറ്റു വന്‍ ശക്തികളെയും മറികടന്ന പ്രകടനമാണ് ഈ മാസങ്ങളില്‍ ഇന്ത്യ നടത്തിയിരിക്കുന്നത്. 2015 ഡിസംബറില്‍ 7.2 ശതമാനമായിരുന്ന വളര്‍ച്ച, ഇപ്പോള്‍ 7.9 ശതമാനമായി ഉയര്‍ത്തി. സ്വകാര്യമേഖലയിലാണ് കൂടുതല്‍ വളര്‍ച്ച ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതോല്‍പാദന രംഗത്തും ഖനന മേഖലയിലും വന്‍ മുന്നേറ്റം രേഖപ്പെടുത്തി.

എന്നാല്‍ 6.7 ശതമാനം വളര്‍ച്ച മാത്രമാണ് ഈ കാലയളവില്‍ ചൈനയുടെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയത്. ലോക സാമ്പത്തിക പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ചൈനയും അതിവേഗം വളരുന്ന രാജ്യങ്ങളില്‍ ഒന്നാമത് ജപ്പാനുമാണ്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇറ്റലി, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍