ഓസ്ട്രിയയില്‍ അലര്‍ജിക്കാലം; കാലാവസ്ഥാ വ്യതിയാനം മൂലം ആയിരക്കണക്കിനുപേര്‍ ആശുപത്രികളില്‍
Wednesday, June 1, 2016 6:02 AM IST
വിയന്ന: ഒന്‍പതു ലക്ഷത്തോളം പേര്‍ രാജ്യത്തു അലര്‍ജിമൂലം ഈ വേനല്‍ക്കാലത്ത് ആശുപത്രികളില്‍ കയറിയിറങ്ങും. കണ്ണില്‍നിന്നു തുടര്‍ച്ചയായി കണ്ണീര്‍ വരുക, കണ്ണില്‍ ചൊറിച്ചില്‍, കണ്ണെരിച്ചില്‍, മൂക്കൊലിപ്പ് എന്നിവയാണു പോളന്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍.

വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെയാണു പോളന്‍ അലര്‍ജിക്കാലം ആരംഭിക്കുന്നത്. ഓസ്ട്രിയയില്‍ ഏകദേശം ഒന്‍പതു ലക്ഷത്തളം പേരാണ് അലര്‍ജി ബാധിതരായിട്ടുള്ളത്. തണുപ്പില്‍നിന്നു കടുത്ത ചൂടിലേക്ക് കാലാവസ്ഥ മാറുമ്പോഴാണു രോഗം സാധാരണമായി ശക്തമാകുന്നത്.

വേനല്‍ക്കാലത്തിന്റെ ആരംഭത്തില്‍, കാലാവസ്ഥ മാറിയതിനെ തുടര്‍ന്നു ജനസംഖ്യയില്‍ പകുതിയേയും ബാധിക്കുന്ന അസുഖമാണ് പോളന്‍ അലര്‍ജി. മരങ്ങളുടേയും ചെടികളുടെയും പ്രത്യേകിച്ച് പുല്ലുകളുടെയും പൂമ്പൊടി അന്തരീക്ഷത്തില്‍ പരക്കുമ്പോഴാണ് ഈ രോഗം ശക്തമാകുന്നത്. രാജ്യത്തിന്റെ തെക്കുഭാഗത്താണ് അലര്‍ജി ബാധിതര്‍ ഏറ്റവുമധികം ഉള്ളത്. ഈ വര്‍ഷം വിയന്നയില്‍ രോഗികളുടെ വന്‍ വര്‍ധനയാണു കണക്കാക്കുന്നത്.

കാലാവസ്ഥയിലുണ്ടായ വ്യതിയാനവും രാത്രികാലത്തെ ചൂടും അലര്‍ജിക്കു കാരണമായ പൊടി കൂടുതല്‍ ഉണ്ടാവാന്‍ കാരണമാകും. ഈ വേനല്‍ക്കാലത്ത് റിക്കാര്‍ഡ് അലര്‍ജി കേസുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍