ഫ്രഞ്ച് റെയില്‍ ജീവനക്കാര്‍ സമരത്തിലേക്ക്
Tuesday, May 31, 2016 8:23 AM IST
പാരീസ്: ഫ്രാന്‍സിലെ തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്കരണ നടപടികള്‍ക്കെതിരേ പ്രതിഷേധവുമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി റെയില്‍വേ ജീവനക്കാര്‍ പണിമുടക്കും പ്രഖ്യാപിച്ചു.

സമരങ്ങള്‍ കാരണം ഇപ്പോള്‍ തന്നെ രാജ്യത്ത് കടുത്ത ഇന്ധന ക്ഷാമം നിലനില്‍ക്കുകയാണ്. ഇത് ഗതാഗത സംവിധാനങ്ങളെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ റെയില്‍ സമരം കൂടി വരുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കും.

പരിഷ്കരണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെയും പ്രധാനമന്ത്രി മാന്വല്‍ വാല്‍സിന്റെയും പ്രഖ്യാപനം. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന വിധത്തിലുള്ളതാണ് പരിഷ്കാരങ്ങള്‍.

ചൊവ്വാഴ്ച റെയില്‍വേ ജീവനക്കാര്‍ നടത്തുന്ന സമരത്തോട് പോലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സിവില്‍ സേര്‍വന്റ്സിന്റെയും യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍