ജര്‍മനിയില്‍ ബോട്ടെങ്ങിനുനേരെ വംശീയ അധിക്ഷേപം
Monday, May 30, 2016 8:18 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ദേശീയ ഫുട്ബോള്‍ താരം ജെറോം ബോട്ടെങ്ങിനെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുടെ നേതാവ് വംശീയമായി അവഹേളിച്ചു.

ബോട്ടെങ്ങിനെപ്പോലുള്ളവരെ അയല്‍ക്കാരാക്കാന്‍ ജര്‍മനിക്കാര്‍ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു എഎഫ്ഡി ഉപ നേതാവ് അലക്സാന്‍ഡര്‍ ഗോലാന്‍ഡിന്റെ വാക്കുകള്‍. ഘാന വംശജനായ ബോട്ടെങ് ബെര്‍ലിനില്‍ ജനിച്ചുവളര്‍ന്നയാളാണ്. ബോട്ടെങ് നല്ല ഫുട്ബോളറാണെന്ന് ജര്‍മനിക്കാര്‍ സമ്മതിക്കും, പക്ഷേ, അദ്ദേഹത്തെ അയല്‍ക്കാരനായി സ്വീകരിക്കില്ല- ഗോലാന്‍ഡ് പറഞ്ഞു.

ഇതിനെതിരേ ഉടനടി കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങി. ജര്‍മന്‍ ഫുട്ബോള്‍ ലീഗ് പ്രസിസന്റ് റെയ്നാര്‍ഡ് ഗ്രിന്‍ഡല്‍, ജര്‍മന്‍ ദേശീയ ടീം മാനേജര്‍ ഒലിവര്‍ ബീറോഫ്, ജര്‍മന്‍ ജസ്റിസ് മിനിസ്റര്‍ ഹെയ്കോ മാസ് തുടങ്ങിയവര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ തന്നെ ഉന്നയിച്ചു.

ഇത്തരം കാര്യങ്ങള്‍ പറയുന്നവരെയാണ് ജര്‍മനിക്കാര്‍ അയല്‍ക്കാരാക്കാന്‍ ഇഷ്ടപ്പെടാത്തതെന്നാണ് വിദേശ വംശജന്‍ കൂടിയായ മാസ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍