ആരാധനാകൂദാശ ഗാനമത്സരം 'മാനീസോ' സംഘടിപ്പിച്ചു
Monday, May 30, 2016 7:08 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 'മാനീസോ 2016' എന്ന നാമധേയത്തില്‍ രണ്ടാമത് ആരാധനാകൂദാശ ഗാനമത്സരം സംഘടിപ്പിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമ്പരാഗതമായ ആരാധനാകൂദാശഗീതങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട്, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ പ്രാര്‍ഥനായോഗങ്ങളെ ഉള്‍പ്പെടുത്തി മേയ് 20നു (വെള്ളി) വൈകുന്നേരം അബാസിയ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന മത്സരത്തില്‍ പതിമൂന്നോളം ടീമുകള്‍ പങ്കെടുത്തു.

മത്സരത്തില്‍ അബാസിയ സെന്റ് ഇഗ്നേഷ്യസ് പ്രാര്‍ഥനായോഗം ഒന്നാം സ്ഥാനവും കാതോലിക്കേറ്റ് രത്നദീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ, സെന്റ് ഗ്രീഗോറിയോസ് അബാസിയ, സെന്റ് ബെഹനാന്‍സ് അബാസിയ എന്നീ പ്രാര്‍ഥനായോഗങ്ങള്‍ക്ക് യഥാക്രമം, കൊരട്ടി യൂഹാന്നോന്‍ മാര്‍ സേവേറിയോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ഇയ്യോബ് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. സമ്മാനാര്‍ഹരായ ടീം അംഗങ്ങള്‍ക്ക് വ്യക്തിഗത മെഡലുകളും സമ്മാനിച്ചു.

അഹമ്മദി സെന്റ് തോമസ് ഇടവക മുന്‍വികാരി ഫാ. ഏബ്രഹാം പി. ജോര്‍ജ് പാറമ്പുഴ, സെന്റ് സ്റീഫന്‍സ് ഇടവക വികാരി ഫാ. സഞ്ചു ജോണ്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, അഹമ്മദി ഇടവക ക്വയര്‍ മാസ്റര്‍ കുര്യന്‍ സക്കറിയ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ഇടവകവികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഫാ. രാജു തോമസ് അധ്യഷത വഹിച്ചു. യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അനീഷ് തോമസ്, യൂണിറ്റ് സെക്രട്ടറി അജിഷ് തോമസ് എന്നിവര്‍ സംസാരിച്ചു. ഇടവക ട്രഷറര്‍ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോണ്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി ഏബ്രഹാം, യൂണിറ്റ് ലേ വൈസ് പ്രസിഡന്റ് അബു തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍