ഓസ്ട്രിയന്‍ മലയാളി ശ്രീജ ചെറുകാടിന് ഡ്യൂക്കു ഓഫ് എഡിന്‍ബറോ ഗോള്‍ഡന്‍ അവാര്‍ഡ്
Monday, May 30, 2016 3:45 AM IST
വിയന്ന: പാഠ്യേതര വിഷയങ്ങളിലെ പ്രത്യേക കഴിവ് പരിഗണിച്ച് യുവജനങ്ങള്‍ക്കായി നല്‍കുന്ന ഡ്യൂക്കു ഓഫ് എഡിന്‍ബറോ അവാര്‍ഡിന് മലയാളി വിദ്യാര്‍ത്ഥി ശ്രീജ ചെറുകാട് അര്‍ഹയായി. 144 രാജ്യങ്ങളിലായി യുവജനങ്ങളുടെ കഴിവുപരിഗണിച്ച് നല്‍കുതാണ് ഈ അവാര്‍ഡ്. സന്നദ്ധ സേവനം, കായിക വിനോദം, മറ്റു പ്രത്യേക കഴിവുകള്‍, കമ്യൂണിറ്റി പ്രവര്‍ത്തനം, സാഹസിക യാത്രകള്‍, തുടങ്ങിയവയില്‍ കാഴ്ച്ചവെച്ച പ്രകടനം വിലയിരുത്തിയാണ് ഡ്യൂക്കു ഓഫ് എഡിന്‍ബറോ അവാര്‍ഡുകള്‍ നല്‍കുന്നത്. ഫിലിപ്പ് രാജകുമാരന്റെ പേരില്‍ 1956 ല്‍ സ്ഥാപിതമായതാണ് ഈ അവാര്‍ഡ്. ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേരാണ് ഇതില്‍ പങ്കെടുത്തത്.

വിയന്നയില്‍ സ്ഥിരതാമസമാക്കിയ മിത്രക്കരി ചെറുകാട്ട് സിറിയക്കിന്റെയും ലിസിയുടെയും മകളാണ് ശ്രീജ. മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നു വര്‍ഷത്തെ ബിസിനസ് മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശ്രീജയ്ക്കു, തന്റെ കലാരംഗത്തെ കഴിവുകള്‍ക്ക് ഇതിനകം തന്നെ നൂറുകണക്കിനു പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ മേഖലകളിലെ കഴിവുകള്‍ക്ക് പുറമെ മികച്ചൊരു ഗായികയും കൂടിയാണ് ശ്രീജ. കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള പിതാവ് സിറിയക്കാണ് ശ്രീജയുടെ സംഗീത രംഗത്തെ ഗുരു. പഠനത്തോടൊപ്പം മറ്റ് കലാപ്രവര്‍ത്തനങ്ങളിലും ശ്രീജ തന്റെ മികവ് നിലനിര്‍ത്താന്‍ ശ്രമിച്ചു പോരുന്നു.

മേയ് പതിനാറിന് ബക്കിംഗ്ഹാം പാലസില്‍ നടന്ന ചടങ്ങില്‍ എഡ്വേര്‍ഡ് രാജകുമാരന്റെ പത്നി സോഫിയയില്‍ നിന്നും, ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ഗോള്‍ഡന്‍ പുരസ്ക്കാരം ശ്രീജ ചെറുകാട് ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍