സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി ക്ളാര്‍ക്ക് കോര്‍പറേഷന്‍ സിഎഫ്ഒ
Saturday, May 28, 2016 6:17 AM IST
ഡാളസ്: സുജ ചന്ദ്രശേഖരനെ ടെക്സസ് ആസ്ഥാനമായി ഇര്‍വിംഗ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ കമ്പനി കിംബര്‍ളി ക്ളാര്‍ക്ക് കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചതായി സീനിയര്‍ വൈസ് പ്രസിഡന്റ് മറിയ ഹെന്‍ട്രി അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ഇന്‍ കോര്‍പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, ഗ്ളോബല്‍ ചീഫ് ടെക്നോളജി ഓഫീസര്‍, ചീഫ് ഡാറ്റാ ഓഫീസര്‍ തുടങ്ങിയ തസ്തികളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇന്ത്യന്‍ വംശജയായ സുജ ചന്ദ്രശേഖരന്‍. സുജയുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ ടെക്നോളജിയിലുളള പരിചയ സമ്പത്ത് കമ്പനിക്ക് വളരെ പ്രയോജനകരമായിരിക്കുമെന്നു മറിയ പറഞ്ഞു. ക്ളീനക്സ് തുടങ്ങിയ പേപ്പര്‍ ഉത്പാദക കമ്പനിയാണ് കിംബര്‍ളി ക്ളാര്‍ക്ക് കോര്‍പറേഷന്‍.

ഫുള്‍ ബ്രൈറ്റ് സ്കോളര്‍, ടോപ് 10 വുമന്‍, ടോപ് ലീഡര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ സുജയെ തേടിയെത്തിയിട്ടുണ്ട്.

മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റര്‍ ബിരുദവും ലണ്ടന്‍ ബിസിനസ് സ്കൂളില്‍ നിന്നും ബിസിനസില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പുതിയ സ്ഥാന ലബ്ധിയില്‍ സുജ ചന്ദ്രശേഖരന്‍ സംതൃപ്തി പ്രകടിപ്പിച്ചു. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് തന്റെ പരിമിതമായ കഴിവുകള്‍ പരമാവധി ഉപയോഗിക്കുമെന്നു സുജ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍