ജോസഫ് കുരിയപ്പുറം ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക്
Thursday, May 26, 2016 4:44 AM IST
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലെ ഭരണസമിതിയില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോസഫ് കുരിയപ്പുറത്തിനെ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഏറ്റവും പ്രബല സംഘടനയായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തു.

ബഹുമുഖ പ്രതിഭയായ ജോസഫ് കുരിയപ്പുറം ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടങ്ങളിലും, വളര്‍ച്ചയുടെ പാതയിലും തന്‍റെ പ്രവര്‍ത്തന മികവ് പ്രകടിപ്പിക്കുകയും വിവിധ കമ്മിറ്റികളുടെ ചെയര്‍പെഴ്സണ്‍, നാഷണല്‍ കമ്മിറ്റി മെംബര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുമുണ്ട്. നിലവില്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറി പദവി അലങ്കരിക്കുന്ന അദ്ദേഹം ഫൊക്കാന കോണ്‍സ്റിറ്റ്യൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ്.

കൊക്കക്കോള, പെപ്സി, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ കോര്‍പറേഷനുകളില്‍ വിവിധ മാനേജ്മെന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോസഫ് കുരിയപ്പുറം ന്യൂയോര്‍ക്കില്‍ ടാക്സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡോ- അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപകാംഗം, ദേശീയ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിത്തനാണ്. ജനസേവനതല്പരനായ ജോസഫ് കുരിയപ്പുറത്തിന്‍റെ സ്ഥാനാര്‍ഥിത്വം ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തമ്പി ചാക്കോയുടെ ടീമിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ