വീസ രഹിത യാത്ര: യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ തുര്‍ക്കി റദ്ദാക്കിയേക്കും
Wednesday, May 25, 2016 8:18 AM IST
അങ്കാറ: ഗ്രീസില്‍നിന്നുള്ള സിറിയന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കുന്ന പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തുര്‍ക്കി ആലോചിക്കുന്നു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു പകരമായി തുര്‍ക്കി പൌരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയനുള്ളില്‍ വീസരഹിത യാത്ര അനുവദിക്കാം എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതാണു കാരണം.

മറ്റ് 73 ഉപാധികള്‍ കൂടി അംഗീകരിച്ചാല്‍ മാത്രമേ തുര്‍ക്കി പൌരന്‍മാര്‍ക്ക് വീസ രഹിത യാത്ര അനുവദിക്കാന്‍ കഴിയൂ എന്ന നിലപാടാണു യൂറോപ്യന്‍ കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. യൂണിയനിലെ വന്‍ ശക്തികളായ ജര്‍മനിയും ഫ്രാന്‍സും ഇപ്പോഴത്തെ സാഹചര്യത്തില്‍ തുര്‍ക്കിക്കാര്‍ക്ക് വീസരഹിത യാത്ര അനുവദിക്കുന്നതിനോടു യോജിക്കുന്നുമില്ല.

ഭീകരവിരുദ്ധ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് അടക്കമുള്ള ഉപാധികളാണ് യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഭീകരതയുടെ നിര്‍വചനം ലഘൂകരിച്ച്, മാധ്യമപ്രവര്‍ത്തകരെയും വിമത രാഷ്ട്രീയ നേതാക്കളെയും ഭീകരവാദ കുറ്റത്തിനു വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

അതേസമയം, യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ അഭയാര്‍ഥി പ്രവാഹത്തിന്റെ ഘടനയില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമായിരുന്നു. കരാര്‍ റദ്ദായാല്‍ അഭയാര്‍ഥി പ്രവാഹം വീണ്ടും രൂക്ഷമാകാന്‍ ഇടയുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍