'റംസാന്‍ വിശ്വാസികളുടെ ജീവിതം മാറ്റി മറിക്കുന്ന മഹാത്ഭുതം'
Wednesday, May 25, 2016 6:02 AM IST
കുവൈത്ത് സിറ്റി: റംസാനെ സ്വീകരിക്കുവാന്‍ മുഴുവന്‍ പ്രപഞ്ചവും അണിഞ്ഞൊരുങ്ങുന്നുവെന്ന വാര്‍ത്ത വിശ്വാസിക്ക് സത്കര്‍മങ്ങളില്‍ മുഴുകാന്‍ പ്രചോദനം നല്‍കുന്നതാണെന്നു പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എറണാകുളം മസ്ജിദുദ്ദഅവ ഇമാം ബഷീര്‍ മുഹ്യുദ്ദീന്‍. കെഐജി വെസ്റ് മേഖല ഖൈത്താന്‍ അല്‍ഗാനിം മസ്ജിദില്‍ സംഘടിപ്പിച്ച മര്‍ഹബന്‍ യാ റമദാന്‍ പരിപാടിയില്‍ 'പ്രതീക്ഷയോടെ റമദാനിലേക്ക്' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആകാശത്ത് ഒരു അമ്പിളിക്കീര്‍ പ്രത്യക്ഷമാവുന്നതോടെ ലോകത്തുള്ള മുഴുവന്‍ വിശ്വാസികളുടെയും ജീവിതം മാറി മറിയുന്നത് ഒരു മഹാത്ഭുതമാണ്. ലോകത്തെ ഒരു ഭരണാധിപനും തന്റെ മുഴുവന്‍ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചാലും ഇത്തരം ഒരു മാറ്റം മനുഷ്യജീവിതത്തില്‍ കൊണ്ടുവരിക സാധ്യമല്ല.

മനുഷ്യന്‍ താത്കാലിക സൌഖ്യത്തിനും ശരീരത്തിനുംവേണ്ടി വ്യയം ചെയ്യുന്ന അധ്വാനം ശാശ്വത വിജയം പ്രദാനം ചെയ്യാനുതകുന്ന ആത്മീയ പരിപോഷണത്തിനു കൂടി ചെലവഴിച്ചാല്‍ ഇഹപര വിജയം സാധ്യമാണെന്നും റംസാന്‍ വൃതം ഇത്തരമൊരു പരിശീലനമാണ് വിശ്വാസിക്കു നല്‍കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

'സക്കാത്ത്: സംസ്കരണത്തിന്റെ രീതിശാസ്ത്രം' എന്ന വിഷയത്തില്‍ കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി സംസാരിച്ചു. കെഐജി വെസ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഹസന്‍ ഖുര്‍ആന്‍ ക്ളാസ് നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ഫായിസ് അബ്ദുല്ല, സക്കീര്‍ ഹുസൈന്‍ തുവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍