ഫോമ ജീവകാരുണ്യ പദ്ധതിക്കു പിന്തുണയുമായി എമ്പയര്‍ റീജണും യോങ്കേഴ്സ് മലയാളി അസോസിയേഷനും
Wednesday, May 25, 2016 5:59 AM IST
ന്യൂയോര്‍ക്ക്: ഫോമ തുടങ്ങിവച്ച ജീവകാരുണ്യ പദ്ധതിയായ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനോടനുബന്ധിച്ചു നിര്‍മിക്കുന്ന കുട്ടികളുടെ ഔട്ട് പേഷ്യന്റ് വാര്‍ഡിനുവേണ്ടി സമാഹരിച്ച 5000 ഡോളര്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍, ഫോമ നേതാക്കളായ ഫൈസല്‍ എഡ്വേര്‍ഡ്, സ്റാന്‍ലി കളത്തില്‍, ജോഫ്രിന്‍ ജോസ്, ആര്‍സിസി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായ ജോസ് ഏബ്രഹാം എന്നിവര്‍ക്കു കൈമാറി.

ഫോമ നാഷണല്‍ കമ്മിറ്റിയില്‍ വാഗ്ദാനം ചെയ്ത പ്രസ്തുത തുക കൃത്യസമയത്തുതന്നെ ഫോമ നേതൃത്വത്തെ ഏല്‍പ്പിച്ച ബിജു ഉമ്മന്റെ നേതൃത്വത്തിലുള്ള ടീമിനെ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ് അഭിനന്ദിച്ചു. ചടങ്ങില്‍ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സംഭാവനയായ 5000 ഡോളറിന്റെ ചെക്ക് നേതാക്കളായ സല്‍ജു കളത്തില്‍പറമ്പില്‍, ലിബി ഏബ്രഹാം എന്നിവര്‍ ഫോമ നേതൃത്വത്തിനു കൈമാറി.

ആര്‍സിസി പ്രോജക്ടിന്റെ നിര്‍മാണ പുരോഗതിയെപ്പറ്റി ഫോമ പിആര്‍ഒയും കോ-ഓര്‍ഡിനേറ്ററുമായ ജോസ് ഏബ്രഹാം സമ്മേളനത്തില്‍ വിവരിച്ചു.