സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
Wednesday, May 25, 2016 4:00 AM IST
ഷിക്കാഗോ: അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തില്‍, മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും അടങ്ങിയ കൂദാശയായ ദിവ്യകാരുണ്യം സീറോ മലബാര്‍ കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്ന് 48 കുഞ്ഞുങ്ങള്‍ ആദ്യമായി കൈക്കൊണ്ടു. മേയ് 21-നു നടന്ന ഭക്ത്യാദരപൂര്‍വ്വമായ കൂദാശാ കര്‍മ്മത്തില്‍ ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പലയ്ക്കാപ്പറമ്പില്‍, ബിഷപ്പ് എമിരറ്റസ് മാര്‍ ജോസ് മുക്കല, ഫാ. അബ്രഹാം കൊച്ചുപുരയ്ക്കല്‍, ഫാ. ജോസഫ് അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

മഹനീയമായ ഈ കൂദാശാ കര്‍മ്മത്തിനായി കുഞ്ഞുങ്ങളെ ആത്മീയമായി ഒരുക്കിയത് സി. മേരി അഗസ്റിന്‍ സിഎംസി, സി. റൂബി തേരേസ് സിഎംസി, റൂബി തോമസ്, അഖില അബ്രഹാം, മിന്‍ മാണി, ടീനാ വര്‍ക്കി എന്നീ മതാധ്യാപകരായിരുന്നു. കൂദാശാ സ്വീകരണ ഒരുക്കങ്ങള്‍ക്ക് മതബോധന സ്കൂള്‍ ഡയറക്ടര്‍ സി. ജസ്ലിന്‍ സിഎംസി, അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ്, രജിസ്ട്രാര്‍ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പരിശീലിപ്പിച്ച ഗാനങ്ങള്‍ കുഞ്ഞുങ്ങള്‍ അതിമനോഹരമായി ആലപിച്ചു. കോര്‍ഡിനേറ്റര്‍ ജോര്‍ജ് അമ്പലത്തിങ്കലിന്റെ നേതൃത്വത്തില്‍ അനേകം മാതാപിതാക്കള്‍ ഈ പ്രഥമ ദിവ്യകാരുണ്യസ്വീകരണാനുഭവം അതിമനോഹരമാക്കിയതും ഓര്‍മ്മയിലെന്നും നിലനില്‍ക്കുന്നതുമാക്കിത്തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ചടങ്ങുകള്‍ക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം