ഡിഎഫ്ബി മുന്‍ പ്രസിഡന്റിന് രണ്ടു വര്‍ഷത്തെ വിലക്ക്
Tuesday, May 24, 2016 8:21 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഎഫ്ബി) മുന്‍ പ്രസിഡന്റ് വോള്‍ഫ്ഗാങ് നീഴ്സ്ബാഹിന് രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഫുട്ബോള്‍ സംബന്ധമായ എല്ലാക്കാര്യങ്ങളിലുമാണ് വിലക്ക്. ഫിഫയുടെ എത്തിക്സ് കമ്മിറ്റി ഗവേണിംഗ് ബോഡിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനൊപ്പം 20,000 പൌണ്ട് പിഴയും ചുമത്തിയിട്ടുണ്ട്.

66 കാരനായ നീഴ്സ്ബാഹ് പോയ വര്‍ഷം നവംബറില്‍ ഡിഎഫ്ബി പ്രസിഡന്റുസ്ഥാനം രാജിവച്ചിരുന്നു. കോഴയാരോപണത്തെ തുടര്‍ന്നായിരുന്നു രാജി. ഡിഎഫ്ബി ഫിഫ അംഗങ്ങള്‍ക്ക് 4.9 മില്യന്‍ പൌണ്ട് കോഴ നല്‍കിയാണ് 2006 ല്‍ ജര്‍മനിയില്‍ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മല്‍സരം നടത്താന്‍ ബിഡ് ലഭിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ ഡിഎഫ്ബിക്കെതിരെ ഉയര്‍ന്ന ഈ ആരോപണം ജര്‍മന്‍ നികുതി വകുപ്പും ഏറ്റുപിടിച്ചതോടെയാണ് നീഴ്സ്ബാഹ് രാജിവച്ചത്.

ആരോപണത്തിന്റെ വെളിച്ചത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നീഴ്സ്ബാഹ് ഉള്‍പ്പടെ ഡിഎഫ്ബിയിലെ അഞ്ചു പ്രമുഖര്‍ അന്വേഷണം നേരിടുകയാണ്. 2006 ലെ സംഘാടക കമ്മിറ്റി പ്രസിഡന്റ് ഫ്രന്‍സ് ബെക്കന്‍ബൌവറും അന്വേഷണം നേരിടുന്നുണ്ട്. 2015 ല്‍ നീഴ്സ്ബാഹ് ഫിഫയുടെയും യുവേഫയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍