രമേശ് സ്മാരക പ്രവാസി പുരസ്കാരം കൊച്ചുകൃഷ്ണന്
Tuesday, May 24, 2016 6:27 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മുന്‍ ഭാരവാഹിയും കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മണ്‍മറഞ്ഞ ആര്‍. രമേഷിന്റെ സ്മരണാര്‍ഥം കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ആര്‍. രമേശ് സ്മാരക പ്രവാസി പുരസ്കാരത്തിനു യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൊച്ചുകൃഷ്ണന്‍ അര്‍ഹനായി. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മേയ് 27നു (വെള്ളി) സൌത്ത് സബാഹിയ അല്‍ ഫൈസാലിയ ഹാളില്‍ നടക്കുന്ന കല കുവൈറ്റിന്റെ 'സമന്വയം 2016' വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും.

2014 മുതലാണ് കല കുവൈറ്റ്, പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായി ഇടപെടുന്നവരെ ആദരിക്കാനായി ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 40 വര്‍ഷക്കാലമായി യുഎഇയിലെ ഷാര്‍ജ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് കൊച്ചുകൃഷ്ണന്‍ എന്നു സൌഹൃദ വലയങ്ങളില്‍ അറിയപ്പെടുന്ന കൊച്ചുകൃഷ്ണ പിള്ള. ഷാര്‍ജയിലെ പെയിന്റിംഗ് കമ്പനിയില്‍ തൊഴിലാളിയായി പ്രവാസ ജീവിതം ആരംഭിച്ച കൊച്ചുകൃഷ്ണന്‍, ദുര്‍ഘടമായ സാഹചര്യത്തിലും പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തനത്തിന് സമയം കണ്െടത്തിയിരുന്ന സാംസ്കാരിക പ്രവര്‍ത്തകനാണ്. ഷാര്‍ജയിലെ പുരോഗമന സാംസ്കാരിക സംഘടനയായ മാസിന്റെ സജീവ പ്രവര്‍ത്തകനാണ്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശിയായ കൊച്ചുകൃഷ്ണന്‍ പ്രവാസി ക്ഷേമനിധിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

അബാസിയ കല സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍, ആക്ടിംഗ് സെക്രട്ടറി ടി.കെ. സൈജു, ട്രഷറര്‍ അനില്‍ കൂക്കിരി, സജി തോമസ് മാത്യു, ജെ. സജി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍