കമലാ ഹാരിസിന് ഗവര്‍ണര്‍ ജെറി ബ്രൌണിന്റെ എന്‍ഡോഴ്സ്മെന്റ്
Tuesday, May 24, 2016 6:24 AM IST
സാക്രമെന്റൊ: യുഎസ് സെനറ്റിലേക്കു മത്സരിക്കുന്ന ഇന്ത്യന്‍ വംശജയും സ്റേറ്റ് അറ്റോര്‍ണി ജനറലുമായ കമലാ ഹാരിസിനു കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ എന്‍ഡോഴ്സ് ചെയ്തു. ഇതു സംബന്ധിച്ച പ്രഖ്യാപനം മേയ് 23നു ഗവര്‍ണര്‍ നടത്തി.

ജൂണ്‍ ഏഴിനു നടക്കുന്ന ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ മത്സരിക്കുന്ന കമലയ്ക്ക് ഗവര്‍ണറുടെ എന്‍ഡോഴ്സ്മെന്റ് ലഭിച്ചതോടെ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

കലിഫോര്‍ണിയ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സമുന്നതനും ജനപിന്തുണയുളള ഗവര്‍ണര്‍ അവസാന ദിവസങ്ങളിലാണ് കമല ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ചുരുക്കം ചിലരെ എന്‍ഡോഴ്സ് ചെയ്യാന്‍ തീരുമാനിച്ചത്.

നിലവിലുളള സെനറ്റര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവിലേക്ക് രണ്ട് പാര്‍ട്ടികളില്‍നിന്നും 34 പേരാണു പ്രൈമറി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുളളത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും കമലയും യുഎസ് റെപ്രസെന്റേറ്റീവ് ലൊറിട്ട സാഞ്ചസുമാണു പ്രധാനമായും ഏറ്റുമുട്ടുന്നത്.

സ്റേറ്റ് അറ്റോര്‍ണി ജനറലായി കഴിവു തെളിയിച്ച പരിചയസമ്പന്നയായ കമലയെ എന്‍ഡോഴ്സ് ചെയ്തതിനെ മുന്‍ അറ്റോര്‍ണി ജനറല്‍കൂടിയായ ഗവര്‍ണര്‍ ബ്രൌണ്‍ ന്യായീകരിച്ചു. ഗവര്‍ണറുടെ പിന്തുണ നേടാന്‍ കഴിഞ്ഞതിലൂടെ ആത്മവിശ്വാസം നേടിയെടുത്തതായും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചതായും കമല അറിയിച്ചു.

ഇമിഗ്രേഷന്‍ നടപടികള്‍ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നു ചെന്നൈയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. ശ്യാമള ഗോപാലന്‍- ഡൊണാള്‍ഡ് ഹാരിസ് ദമ്പതികളുടെ മകളായ കമല പറഞ്ഞു. കലിഫോര്‍ണിയായിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറലാണു കമല ഹാരിസ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍