അലക്സാണ്ടര്‍ ഫാന്‍ ദെയര്‍ ബെല്ലന്‍ പുതിയ ഓസ്ട്രിയന്‍ പ്രസിഡന്റ്
Tuesday, May 24, 2016 6:23 AM IST
വിയന്ന: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പോസ്റര്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് അലക്സാണ്ടര്‍ ഫാന്‍ ദെയര്‍ ബെല്ലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

7,66,076 വോട്ടുകളില്‍ 61.7 ശതമാനം നേടിയാണ് ബെല്ലന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയത്. ആദ്യ രണ്ടു തെരഞ്ഞെടുപ്പിലും ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പിറകിലായിരുന്നു ബെല്ലന്‍. ഈ വര്‍ഷം റിക്കാര്‍ഡ് പോസ്റല്‍ വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്. 2013 നേക്കാള്‍ 40 ശതമാനം കൂടുതലാണിത്.

ഞായറാഴ്ച നടന്ന രണ്ടാംഘട്ട ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികളും 50 ശതമാനം വോട്ടു നേടി ഒപ്പത്തിനൊപ്പമെത്തിയിരുന്നു. ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥി റോബര്‍ട്ട് ഹോഫര്‍ 51.9 ശതമാനം വോട്ടുമായി മുന്നിലെത്തിയെങ്കിലും പോസ്റല്‍ വോട്ടുകള്‍ എണ്ണി തീരാത്തതിനാല്‍ വിജയി ആരാണെന്നറിയുവാന്‍ ഒരുദിവസം കൂടി കാത്തിരിക്കേണ്ടിവന്നു. എതി

ര്‍ സ്ഥാനാര്‍ഥി ഗ്രീന്‍ പാര്‍ട്ടിയുടെ അലക്സാണ്ടര്‍ ഡെയര്‍ ബെല്ലിന് 48.1 വോട്ടാണ് ലഭിച്ചത്. മൊത്തം പോള്‍ ചെയ്ത 37,31,720 വോട്ടില്‍ ഹോഫര്‍ക്ക് 19,37,863 വോട്ടും അലക്സാണ്ടര്‍ക്ക് 17,93,857 വോട്ടുകളും ലഭിച്ചു. തപാല്‍ വോട്ടുകളാണ് ഭാവി രാഷ്ട്രത്തലവന്‍ ആരാണെന്നു നിര്‍ണയിച്ചത്.

രാജ്യത്തെ മൊത്തം ഏഴു സംസ്ഥാനങ്ങളില്‍ ഹോഫര്‍ വ്യക്തമായ ജനവിധി നേടിയപ്പോള്‍ വിയന്നയില്‍ ഗ്രീന്‍ പാര്‍ട്ടി 63 ശതമാനം വോട്ടുനേടി ഒപ്പത്തിനൊപ്പമെത്തി. വിയന്ന സംസ്ഥാനത്ത് ഫ്രീഡം പാര്‍ട്ടിക്ക് 38 ശതമാനം വോട്ടു മാത്രമാണു നേടാനായത്.

ഹോഫര്‍ സ്വന്തം സംസ്ഥാനമായ ബുര്‍ഗന്‍ലാന്‍ഡില്‍ 63 ശതമാനവും കേരന്റനില്‍ 59 ശതമാനവും വോട്ടു നേടി. അലക്സാണ്ടര്‍ ഫൊറാലന്‍ബര്‍ഗില്‍ 56 ശതമാനവും ടിറോളില്‍ 49 ശതമനാവും വിയന്നയില്‍ 63 ശതമാനവും വോട്ടുകള്‍ നേടി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍