ഷിക്കാഗോ ക്നാനായ ഫെറോനയില്‍ വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ ആചരിച്ചു
Monday, May 23, 2016 5:06 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ രക്തസാക്ഷ്യം വഹിച്ച വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. മേയ് 15-നു രാവിലെ 9.45 -നു ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്തിന്റെ സഹകാര്‍മികത്വത്തിലൂമാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

തിരുക്കര്‍മങ്ങളുടെ മധ്യേനടന്ന വചനസന്ദേശത്തില്‍, മാര്‍ ജോയി പിതാവ് തന്റെ ജീവിതസാക്ഷ്യവും, വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെ പേര് ലഭിക്കുവാനുണ്ടായ സാഹചര്യവും, ആ വിശുദ്ധന്റെ മധ്യസ്ഥതയില്‍ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റിയും, കേരളത്തിലും പുറത്തും വിശുദ്ധന്റെ നാമത്തിലുള്ള ദൈവാലയങ്ങളേപ്പറ്റിയും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാളില്‍ പങ്കെടുത്ത് വിശ്വാസികളെ അനുഗ്രഹിച്ച മാര്‍ ജോയി പിതാവിനു കൈക്കാരനായ ജോര്‍ജ് പുള്ളോര്‍കുന്നേല്‍ പൂക്കള്‍ നല്‍കി സ്വീകരിക്കുകയും, ഫൊറോനാ അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത്, വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റേയും ഫൊറോനാംഗങ്ങളുടേയും പേരില്‍ ഹാര്‍ദവമായ നന്ദി രേഖപ്പെടുത്തി.

കുമരകം വെള്ളറ പുത്തന്‍പള്ളി ഇടവകയില്‍നിന്നു ഷിക്കാഗോയില്‍ കുടിയേറിയ ഇടവകാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി