22 ലക്ഷം ഇറ്റലിക്കാര്‍ക്ക് തൊഴില്‍ വരുമാനമില്ല
Saturday, May 21, 2016 8:01 AM IST
റോം: ഇറ്റലിയിലെ 22 ലക്ഷം കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷം പിന്നിട്ടത് തൊഴിലില്‍നിന്നുള്ള സ്ഥിര വരുമാനമില്ലാതെ. യൂറോപ്പിലെ ഏറ്റവും മോശമായ സാമൂഹ്യ സുരക്ഷാ സംവിധാനമാണ് ഇറ്റലിയിലുള്ളതെന്നും ഇതു സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച ഐസ്റ്റാറ്റ് കുറ്റപ്പെടുത്തുന്നു.

തൊഴില്‍ വരുമാനമില്ലാത്ത കുടുംബങ്ങള്‍ 2004ല്‍ 9.4 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 14.2 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത്.

രാജ്യത്തിന്റെ തെക്കന്‍ മേഖലകളെ മാത്രം പരിഗണിച്ചാല്‍ ഇത് 24.5 ശതമാനം വരും. സാമ്പത്തികമായി ഭേദപ്പെട്ട വടക്കന്‍ മേഖലകളില്‍ ഇത് 8.2 ശതമാനവും മധ്യ മേഖലയില്‍ 11.5 ശതമാനവുമാണ്.

ഈ പ്രതിസന്ധി കുടുംബങ്ങളില്‍ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും ഐസ്റാറ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍