അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായുള്ള ജനങ്ങളുടെ വിജയം: നവോദയ
Friday, May 20, 2016 5:02 AM IST
റിയാദ്: ജനവിരുദ്ധ നയങ്ങളും അഴിമതിയും മുഖമുദ്രയാക്കിയ യുഡിഎഫ് സര്‍ക്കാരിനും എന്‍ഡിഎ മുന്നണിയുടെ വര്‍ഗീയതയ്ക്കും എതിരെ പ്രബുദ്ധ കേരള ജനതയുടെ ശക്തമായ പ്രതികരണമാണ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കരസ്ഥമാക്കിയ വന്‍വിജയമെന്ന് നവോദയ റിയാദ് അഭിപ്രായപ്പെട്ടു. നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതുവഴി യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നതാണ് ബിജെപിയുടെ നിയമസഭാ പ്രവേശനത്തിന് കളമൊരുക്കിയത്. മുസ്ലിം ലീഗിന്റെ കോട്ടകളില്‍ പോലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സാധിച്ചിട്ടുണ്ട്. ശ്രീനാരായണീയര്‍ പോലും തള്ളികളഞ്ഞ ബജെഡിഎസ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായി. പ്രവാസികളുടേയും സാധാരണ ജനവിഭാഗങ്ങയുടേയും സ്ത്രീകളുടേയും ജീവിത സുരക്ഷക്കും കേരളത്തിന്റെ സമഗ്ര പുരോഗതിക്കുമായി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ജനപ്രതിനിധികളേയും നവോദയ അഭിനന്ദിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍