കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഫ്രന്റ്ലൈന്‍ മലപ്പുറം ജേതാക്കള്‍
Thursday, May 19, 2016 6:20 AM IST
കുവൈത്ത്: പ്രവാസി മലയാളികള്‍ക്ക് കാല്‍പന്തുകളിയുടെ വശ്യമായ അനുഭവങ്ങള്‍ നല്‍കി നാലാമത് കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രന്റ് ലൈന്‍ മലപ്പുറത്തിനു ജയം. മിഷിറഫിലെ യൂത്ത് പബ്ളിക് സ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഫോക് കണ്ണുരിനെ പരാജയപ്പെടുത്തിയത്.

ഫ്രന്റ് ലൈന്‍ മലപ്പുറത്തിനുവേണ്ടി ഉമ്മറും ഹസന്‍ വെണ്ണക്കോടനും ഹാരിസും സ്കോര്‍ ചെയ്തു.

മറ്റൊരു മത്സരത്തില്‍ എറണാകുളത്തെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി പാലക്കാട് മൂന്നാംസ്ഥാനം കരസ്ഥമാക്കി.

അന്തര്‍ ജില്ലാ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി എറണാകുളത്തിന്റെ പ്രിന്‍സിനേയും ഗോള്‍ കീപ്പറായി സാലി (എറണാകുളം) ടോപ് സ്കോറര്‍ യുനുസ് (മലപ്പുറം), ഡിഫന്റര്‍ അഷ്റഫ് (ഫോക് കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫികള്‍ ഷബീര്‍ അഡ്രസ്, അയൂബ് കേച്ചേരി (ഗ്രാന്റ് ഹൈപ്പര്‍), ആഷിക് ഖാദിരി (പ്രസിഡന്റ് കെഫാക്), ഗുലാം മുസ്തഫ (സെക്രട്ടറികെഫാക്), ഒ.കെ.റസാക്ക് (ട്രഷറര്‍ കെഫാക്), മുസ്തഫ കാരിമി (ഫ്രന്റ്ലൈന്‍ ലോജിസ്റിക്), ശൈമേഷ് (പ്രസിഡന്റ് ഫോക്), സുധീര്‍ (പ്രസിഡന്റ് പല്‍പക് പാലക്കാട്), സഫറുള്ള (സ്പോര്‍ട്സ് സെക്രട്ടറി കെഫാക്), ബേബി നൌഷാദ് (അഡ്മിന്‍ സെക്രട്ടറി കെഫാക്), റോബര്‍ട്ട് ബെര്‍ണാഡ് (വൈസ് പ്രസിഡന്റ് കെഫാക്), ഫൈസല്‍ കണ്ണൂര്‍ (മീഡിയ സെക്രട്ടറി, കെഫാക്), മന്‍സൂര്‍ കുന്നത്തേരി, ബിജു ജോണി (ഒഫീഷ്യല്‍ ഇന്‍ ചാര്‍ജ്, കേഫാക്), ജെസ്വിന്‍ ജോസ്, പ്രദീപ് കുമാര്‍, ഷംസുദ്ദീന്‍, ജോസഫ് കങ്കന്‍, ഇബ്രാഹിം, ഷാഹുല്‍, ആസാദ് തുടങ്ങിയവര്‍ സമ്മാനിച്ചു.

കേരളത്തിന് അന്യമായി കൊണ്ടിരിക്കുന്ന കാല്‍പന്തു കളിയുടെ ആരവവും ഓര്‍മകളും തിരികെയത്തിക്കുന്നതിനുള്ള ശ്രമം കൂടിയായിരുന്നു ഈ ടൂര്‍ണമെന്റ്. വരും ദിവസങ്ങളില്‍ കെഫാക് സോക്കര്‍ ലീഗ്, മാസ്റേഴ്സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍