ശങ്കരന്‍ നമ്പൂതിരിക്ക് സ്വാതി സംഗീത കലാനിധി പുരസ്കാരം
Thursday, May 19, 2016 4:44 AM IST
സാന്‍ ഹോസെ, കലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കലിഫോര്‍ണിയ സുപ്രസിദ്ധ ശാസ്ത്രീയ സംഗീത സാമ്രാട്ട് ശങ്കരന്‍ നമ്പൂതിരിക്ക് സ്വാതി സംഗീത കലാനിധി പുരസ്കാരം സമ്മാനിച്ചു. മെയ് 15-നു ഞായറാഴ്ച വൈകുന്നേരം മൂന്നിനു വുഡ്സൈഡ് പെര്‍ഫോര്‍മന്‍സ് ആര്‍ട്സ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് പ്രസിഡന്റ് രാജേഷ് നായര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം ഈ പുരസ്കാരം സമ്മാനിച്ചത്. കര്‍ണാടക സംഗീത ശാഖയില്‍ ശങ്കരന്‍ നമ്പൂതിരി കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം നല്‍കിയത്. അമേരിക്കയില്‍ തുടര്‍ച്ചയായി മികച്ച ശാസ്ത്രീയ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന മലയാളി കലാകാരന്മാരില്‍ ഏറ്റവും പ്രമുഖന്‍ ശങ്കരന്‍ നമ്പൂതിരി ആണെന്ന് ജോയിന്റ് സെക്രട്ടറി രവിശങ്കര്‍ മേനോന്‍ അഭിപ്രായപ്പെട്ടു. സ്മിത നായര്‍ നമ്പൂതിരിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു.

വയലിന്‍ വിദുഷി സന്ധ്യ ശ്രീനാഥിനും മൃദംഗം വിദ്വാന്‍ വിനോദ് സീതാരമാനും വാദ്യ കലാ ഭാരതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. പ്രിയ രവിശങ്കര്‍ സന്ധ്യ ശ്രീനാഥിനെയും സ്വപ്ന പിള്ള വിനോദിനെയും സ്വാഗതം ചെയ്തു. ദീപ്തിയും, സെക്രട്ടറി മനോജ് പിള്ളയും പുരസ്കാരങ്ങള്‍ നല്‍കി.

തുടര്‍ന്നു ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി അവതരിപ്പിച്ചു. കച്ചേരിക്ക് മുന്നോടിയായി സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ ജനപ്രീതിയാര്‍ജിച്ച സംഗീത വിദ്യലയങ്ങളായ രാഗലയ അക്കാദമി, ശ്രുതിലയം സ്കൂള്‍ ഓഫ് മ്യൂസിക് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഒന്നു രണ്ടു കീര്‍ത്തനങ്ങള്‍ ആലപിച്ചു. കലിഫോര്‍ണിയയില്‍ ധാരാളം ശിക്ഷ്യരുള്ള മലയാളിയായ റീമ പിള്ള നടത്തുന്ന സ്ഥാപനമാണ് ശ്രുതിലയം സ്കൂള്‍ ഓഫ് മ്യൂസിക്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം