വിരമിച്ച ബെന്‍ ടാബ് ഹോസ്പിറ്റല്‍ നഴ്സുമാരുടെ സൌഹൃദ സമ്മേളനം
Wednesday, May 18, 2016 4:57 AM IST
ഹൂസ്റന്‍: ഹ്യൂസ്റനിലെ പ്രസിദ്ധ ട്രോമാ സെന്ററായ ബെന്‍ ടാബ് ഹോസ്പിറ്റലില്‍നിന്നു വിരമിച്ച നഴ്സുമാരുടെ സൌഹൃദ സമ്മേളനം തങ്ങളുടെ അമേരിക്കയിലെ വസന്തകാല ഓര്‍മകളിലേക്കു നയിച്ചു. ബെന്‍ ടാബ് ഹോസ്പിറ്റലിലെ ഒരു ആദ്യകാല നഴ്സും സാമൂഹ്യ-സാംസ്ക്കാരിക- ജീവകാരുണ്യ പ്രവര്‍ത്തകയുമായ പൊന്നു പിള്ളയുടെ നേതൃത്വത്തില്‍ മേയ് ഏഴിനു അവര്‍ ഒത്തുകൂടി.

ഹൂസ്റനിലെ ലോകപ്രസിദ്ധമായ മെഡിക്കല്‍ സെന്ററിലാണ് ബെന്‍ ടാബ് ഹോസ്പിറ്റല്‍. 586 കിടക്കകളും അതിനോടനുബന്ധിച്ച എല്ലാ സജ്ജീകരിണങ്ങളുമുള്ള ഈ ഹോസ്പിറ്റല്‍ സമുച്ചയം 1963-ല്‍ സ്ഥാപിതമായി. പരോപകാരിയും മനുഷ്യസ്നേഹിയുമായ ബെന്‍ ടാബ് എന്ന ബിസിനസുകാരന്റെ ശ്രമഫലമാണ് ഈ ആശുപത്രി. അതുകൊണ്ട് അദ്ദേഹത്തിന്റെ പേരുതന്നെ ഈ ആശുപത്രിയ്ക്കും നല്‍കി. ഹൂസ്റനിലെ പ്രസിദ്ധമായ ഈ ആശുപത്രി മലയാളികളെ സംബന്ധിച്ചിടത്തോളും പ്രത്യേകിച്ച് ആദ്യകാല നഴ്സുമാരെ സംബന്ധിച്ചിടത്തോളം തിച്ചും വൈകാരിക ചിന്തകളുണര്‍ത്തുന്നതാണ്. ആദ്യകാലങ്ങളില്‍ നഴ്സുമാര്‍ക്ക് ലൈസന്‍സുണ്െടങ്കില്‍ കടന്നുചെന്നാല്‍ കടമ്പകളൊന്നുമില്ലാതെ അവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. കുറ്റമറ്റ വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കി. ഇന്നും നമ്മുടെ നഴ്സുമാരും ഡോക്ടര്‍മാരും മറ്റ് ഇതര വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ധാരാളം പേര്‍ ഈ ആശുപത്രിയില്‍ ജീവനക്കാരായിട്ടുണ്ട്.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്റെ കേരളാ ഹൌസായിരുന്നു അവിടുത്തെ വിരമിച്ച നഴ്സുമാരുടെ സമ്മേളന വേദി. മെയ് ഏഴിനു ശനിയാഴ്ച്ച പത്തു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെ ദീര്‍ഘിച്ച ഒരു സുദീര്‍ഘ സമ്മേളനം.

തുടര്‍ന്നു ഏബ്രഹാം തോമസിന്റെ പ്രാര്‍ത്ഥനയോടെ പൊതുസമ്മേളനത്തിനു തുടക്കം കുറിച്ചു. കെ.കെ. ചെറിയാന്‍ കൂടിയവര്‍ക്കെല്ലാം സ്വാഗതം ആശംസിച്ചു. കാര്‍ത്തികപ്പള്ളിയില്‍നിന്നും സന്ദര്‍ശനാര്‍ഥം അമേരിക്കയിലെത്തിയ മലയാളം അധ്യാപകന്‍ തോമസ് നീലാര്‍മഠം സമ്മേളനത്തില്‍ പ്രത്യേകം അതിഥിയായിരുന്നു. അദ്ദേഹത്തിന്റെ സരസഗംഭീരമായ പ്രസംഗവും തുടര്‍ന്നുണ്ടായ കാവ്യലാപനവും ആഹ്ളാദാത്മകവും ഏവരെയും ഒരിക്കല്‍ക്കൂടി ഗൃഹാതുര ചിന്തയിലേക്കു നയിക്കാന്‍ കാരണമാകുകയും ചെയ്തു. തുടര്‍ന്നു ഈശോ ജേക്കബ് പ്രസംഗിച്ചു. ജോര്‍ജ് കാക്കനാട്ട്, പ്രായമായവര്‍ക്കുവേണ്ടി ഹൂസ്റനില്‍ തുടങ്ങാന്‍ പദ്ധതിയിടുന്ന 'ആശാ സെന്ററിന്റെ' ആവശ്യത്തെക്കുറിച്ചും അതിന്റെ മറ്റ് പ്രായോഗിക തലങ്ങളെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്നു കൌണ്‍സില്‍മന്‍ കെന്‍ മാത്യു, ജോര്‍ജ് മണ്ണിക്കരോട്ട്, ജോണ്‍ കുന്നക്കാട്ട്, ജി.കെ. പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രസംഗിച്ചവര്‍ അമ്മമാര്‍ക്കെല്ലാം മദേഴ്സ് ഡേയുടെ ആശംശകള്‍ അര്‍പ്പിക്കുകയും ചെയ്തു. സമ്മേളനത്തില്‍ ത്രസ്യാമ്മ ചാക്കൊയുടെ ഗാനാലാപം ഏവരും ആസ്വദിച്ചു.

ഇതിനല്ലാം കോഡിനേറ്ററായി പ്രവര്‍ത്തിച്ച പൊന്നു പിള്ളയെ നഴ്സുമാരുടെ പ്രതിനിധിയായി കുഞ്ഞമ്മ ഏബ്രഹാം പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം മറിയാമ്മ ഉമ്മന്‍ ബൊക്കെയും നല്‍കി. പൊന്നു പിള്ളയുടെ സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എല്ലാവരും പ്രകീര്‍ത്തിച്ചു. തോമസ് തയ്യിലിന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സ്നേഹഭോജനത്തോടെ സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്