ടെക്സസില്‍ തോക്കിനു ലൈസന്‍സ് ഉളളവര്‍ 10 ലക്ഷം കവിഞ്ഞു
Tuesday, May 17, 2016 6:23 AM IST
ഓസ്റിന്‍: ടെക്സസ് സംസ്ഥാനം മറ്റൊരു നേട്ടം കൂടി കൈവരിച്ചു. സംസ്ഥാനത്താകെ പരസ്യമായോ ഗോപ്യമായോ തോക്ക് കൈവശം വയ്ക്കുവാന്‍ ലൈസന്‍സ് ഉളളവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.

കൃത്യമായി പറഞ്ഞാല്‍ 10,17,618 ലൈസന്‍സുകള്‍ സംസ്ഥാനം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ 2 കോടി 70 ലക്ഷം ജനങ്ങളുടെ 3.7 ശതമാനമാണിത്. ഇപ്പോഴത്തെ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനും (റിപ്പബ്ളിക്കന്‍) മുന്‍ ഗവര്‍ണര്‍ ഡെമോക്രാറ്റ് മാര്‍ക്ക് വൈറ്റിനും ലൈസന്‍സുകള്‍ ഉണ്ട്. ലൈസന്‍സ് നേടുന്നതില്‍ കക്ഷി ഭേദമില്ല എന്ന് ഇതു വ്യക്തമാക്കുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടെക്സസിലെ ലൈസന്‍സുകള്‍ കൂടുതലാണ്. എന്നാല്‍ ഒന്നാം സ്ഥാനത്തുളളത് ഫ്ളോറിഡയാണ്. 1,743,954 ലൈസന്‍സുകള്‍.

ഒരു കൈത്തോക്ക് കൈവശം വയ്ക്കുവാന്‍ 21 വയസ് തികഞ്ഞിരിക്കണം. എന്നാല്‍ ഡ്യൂട്ടിയിലുളള മിലിട്ടറിക്കാര്‍ക്ക് 18 വയസ് മതി. മധ്യവയസ്കരാണ് കൂടുതലും ലൈസന്‍സ് ഉളളവര്‍. 55 വയസുളളവരാണ് ഏറ്റവും കൂടുതല്‍ ലൈന്‍സസ് നേടിയവര്‍. 22,871.

കഴിഞ്ഞ ജനുവരിയില്‍ ലൈന്‍സന്‍ ഉളളവര്‍ക്ക് കൈത്തോക്ക് തോളിലെയോ ഇടുപ്പിലെയോ ഹോള്‍സ്ററില്‍ പരസ്യമായി ധരിക്കാമെന്ന് നിയമം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴും അധികം ആളുകള്‍ ഇവ തുറന്നു ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല.

റൈഫിളും ഷോട്ട് ഗണും കൈവശം വയ്ക്കുന്നതിനു പെര്‍മിറ്റ് വേണമെന്ന് സംസ്ഥാനം നിര്‍ബന്ധിക്കുന്നില്ല. കൈത്തോക്ക് ലൈന്‍സിനു വിരലടയാളം നല്‍കണം. നാലു മുതല്‍ ആറു മണിക്കൂര്‍ വരെ നീണ്ട ക്ളാസ് റൂം ട്രെയിനിംഗും എഴുത്തു പരീക്ഷയില്‍ പാസായിരിക്കണം. സ്റേറ്റ് സര്‍ട്ടിഫൈഡ് ഷൂട്ടിംഗ് ഇന്‍സ്ട്രക്ട്രറുടെ മേല്‍ നോട്ടത്തില്‍ ഷൂട്ടിംഗ് ടെസ്റും പാസായിരിക്കണം. ക്രിമിനല്‍ പശ്ചാത്തല പരിശോധനയും പാസാകണം.

ലൈസന്‍സിനുളള ആദ്യ അപേക്ഷയോടൊപ്പം 140 ഡോളര്‍ നല്‍കണം. പുതുക്കാനുളള ഫീസ് 70 ഡോളറാണ്. വിരലടയാളത്തിനും മറ്റും ഇതിനുപുറമെ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിലിട്ടറി സര്‍വീസിലുളളവര്‍ക്ക് ഫീസില്ല. മുതിര്‍ന്നവര്‍ക്ക് ഫീസ് ഇളവുണ്ട്. ദാരിദ്യ്രരേഖയില്‍ താഴെ ഉളളവര്‍ ധാരാളം ഉളള സംസ്ഥാനമാണു ടെക്സസ്. ഫെഡറല്‍ ദാരിദ്യ്രരേഖയില്‍ താഴെ ഉളളവര്‍ ലൈസന്‍സിന് ആദ്യം അപേക്ഷിക്കുമ്പോള്‍ 70 ഡോളറും പുതുക്കുന്നതിന് 35 ഡോളറും നല്‍കിയാല്‍ മതി.

ഒരു മില്യണിലധികം ലൈസന്‍സുളളവരില്‍ സ്ത്രീകള്‍ 2,68,200 ഉം പുരുഷന്മാര്‍ 7,49,418 ആണെന്നാണ് കണക്ക്. ഇവരില്‍ 8,73,166 പേര്‍ വെളുത്ത വര്‍ഗക്കാരാണ്. പക്ഷെ ഇതില്‍ ഹിസ് പാനിക്കുകളും ഉള്‍പ്പെടും എന്നും ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പബ്ളിക് സേഫ്റ്റി പറയുന്നു.

ടെക്സസിലെ കൌണ്ടികളില്‍ ഏറ്റവുമധികം ലൈസന്‍സ് ഉളളത് ഹാരിസ് കൌണ്ടി നിവാസികള്‍ക്കാണ്. ഈ കൌണ്ടിയിലാണ് ഹൂസ്റണും സമീപത്തെ ചില നഗരങ്ങളും. ടെക്സസില്‍ ഏറ്റവുമധികം ജനസംഖ്യയുളള കൌണ്ടിയും ഇതാണ്. 45 ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. ലൂസിയാന സംസ്ഥാനത്ത് മൊത്തം 94638 ലൈസന്‍സുകളേ ഉളളൂ. ഹാരിസ് കൌണ്ടിയില്‍ മാത്രം ഇതിലധികം ലൈസന്‍സുകള്‍ ഉണ്ട്. 112 നിവാസികളുളള ലവിംഗ് കൌണ്ടിയില്‍ നാലു ലൈസന്‍സുകളുണ്ട്. ഇതാണ് ഏറ്റവും കുറവ് ലൈസന്‍സികള്‍ ഉളള കൌണ്ടി.

ഗോപ്യമായി തോക്ക് കൈവശം വയ്ക്കാന്‍ അനുവാദം നല്‍കുന്ന നിയമം പാസാക്കിയത് 1995 ലാണ്്. ഡെമോക്രാറ്റുകള്‍ ഭരിച്ചിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്. നിയമം പ്രാബല്യത്തില്‍ വന്ന അടുത്ത വര്‍ഷം 1,13,640 ലൈസന്‍സുകള്‍ നല്‍കി. അടുത്ത 20 വര്‍ഷത്തിനുളളില്‍ 9,04,000 ലൈസന്‍സുകള്‍ കൂടി നല്‍കേണ്ടി വന്നു.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്