'മാധ്യമങ്ങളുടെ രഹസ്യ അജന്‍ഡകളെ തകര്‍ക്കണം'
Tuesday, May 17, 2016 6:19 AM IST
അബുദാബി: രഹസ്യ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കുന്ന മാധ്യമങ്ങളുടെ ശ്രമങ്ങളെ തകര്‍ക്കാന്‍ ജനകീയ ഇടപെടലുകളുണ്ടാകണമെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജെ. ഗോപീകൃഷ്ണന്‍. 'മാധ്യമങ്ങളും കോര്‍പറേറ്റ് പണാധിപത്യവും' എന്ന വിഷയത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച മാധ്യമ ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ അഴിമതികളും കുംഭകോണങ്ങളും മൂടിവയ്ക്കപ്പെടുന്നു. നിക്ഷ്പക്ഷതയുടെ മൂടുപടം അണിഞ്ഞ് മാധ്യമങ്ങള്‍ ശരിയുടെ പക്ഷത്തെ തമസ്കരിക്കുന്നു. നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടലുകളിലൂടെ മാത്രമേ ഇന്നു മാധ്യമങ്ങളുടെ രഹസ്യ അജന്‍ഡകളെ പൊളിച്ചെഴുതാന്‍ സാധ്യമാകൂ. വായനക്കാരും കാഴ്ചക്കാരും ചേര്‍ന്ന തിരുത്തല്‍ശക്തി ഇന്ത്യയില്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെഎസ്സി പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ എം.സി.എ. നാസര്‍, ചന്ദ്രസേനന്‍, മാത്തുക്കുട്ടി, ടി. അബ്ദുല്‍ സമദ്, സെക്രട്ടറി ടി.കെ. മനോജ്, ജോയിന്റ് സെക്രട്ടറി സി.പി. ബിജിത്ത് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പീലിക്കോട്, പ്രദീപ്കുമാര്‍, ഫൈസല്‍ ബാവ, ജസ്കന്ദര്‍ മിര്‍സ, ഹംസ ക്ളാരി, എന്‍. നന്ദന, നിഷാം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള