'ലവ് യുവര്‍ ലിവര്‍' സന്ദേശവുമായി അബുദാബി അഹല്യ ഹോസ്പിറ്റല്‍
Monday, May 16, 2016 6:08 AM IST
അബുദാബി: ശരീരത്തിലെ നിശബ്ദ കൊലയാളിയായി മാറിയിരിക്കുന്ന കരള്‍രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി അബുദാബിയിലെ പ്രമുഖ ആതുരാലയമായ അഹല്യ ആശുപത്രി പ്രചാരണം ആരംഭിക്കുന്നു.

മേയ് 21 മുതല്‍ ജൂണ്‍ അഞ്ചുവരെ അബുദാബിയിലേയും മുസഫയിലേയും അഹല്യ ആശുപത്രികളിലും ഇന്ത്യ സോഷ്യല്‍ സെന്ററിലുമാണു സൌജന്യ ബോധവത്കരണ പ്രചാരണം നടത്തുന്നത്.

പൊതുജനങ്ങള്‍ക്ക് 800 66666, 02 3043818, 02 3043820 എന്നീ നമ്പരുകളില്‍ വിളിച്ച് സൌജന്യ കരള്‍രോഗ നിര്‍ണയ പരിശോധനയ്ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഗ്യാസ്ട്രോ എന്‍ട്രോളജി ആന്‍ഡ് ലിവര്‍ ഡിസീസ് വിഭാഗമാണു സൌജന്യ രോഗ പരിശോധനയ്ക്കു നേതൃത്വം നല്‍കുക.

അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൌജന്യ പരിശോധന ലഭിക്കുമെന്ന് അഹല്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.ആര്‍. അനില്‍കുമാര്‍ അറിയിച്ചു. ഡോ. ജെ.എസ്. ഭുവനേശ്വരന്‍, ഡോ. അയ്യപ്പന്‍, ഡോ. ബിലാല്‍ റഹ്മാന്‍, ഡോ. അരുന്‍ ചൌള, ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ്, പ്രവാസി ഭാരതി എംഡി ചന്ദ്രസേനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള