അബുദാബിയില്‍ യുഎഇ ഓപ്പണ്‍ യൂത്ത് ഫെസ്റിവല്‍
Monday, May 16, 2016 6:05 AM IST
അബുദാബി: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യുഎഇ തല ഓപ്പണ്‍ യൂത്ത് ഫെസ്റിവല്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മേയ് 26 മുതല്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ അറുനൂറോളം വിദ്യാര്‍ഥികള്‍ 21 ഇനങ്ങളിലായി മാറ്റുരയ്ക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ഒഡീസി, കഥക്, അര്‍ധ ശാസ്ത്രീയ നൃത്തം, കര്‍ണാടിക് സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, പാശ്ചാത്യ സംഗീതം, ചലച്ചിത്രഗാനം, ലളിതഗാനം, ഈസ്റേണ്‍വെസ്റ്റേണ്‍ സ്ട്രിംഗ്സ്, കൊട്ടുവാദ്യ ഇനങ്ങളില്‍ തബല, മൃദംഗം, ട്രിപ്പിള്‍, ഡ്രം, ജാസ് തുടങ്ങിയ വെസ്റ്റേണ്‍ വാദ്യ മല്‍സരങ്ങളും ഇലക്ട്രോണിക് കീബോര്‍ഡ്, മോണോ ആക്ട്, പ്രഛന്നവേഷം എന്നീ ഇനങ്ങളിലുമാണു മല്‍സരങ്ങള്‍.

മൂന്നു മുതല്‍ 18 വരെ പ്രായമുള്ളവര്‍ 36, 69, 912, 1215, 1518 എന്നീ അഞ്ചു ഗ്രൂപ്പുകളിലായാണു മല്‍സരങ്ങള്‍. ഒരേ സമയം അഞ്ചു വേദികളിലാണ് മത്സരങ്ങള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്ത കലാകാരന്മാരാണു ജഡ്ജിമാരായെത്തുക.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 23നകം രജിസ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സംബന്ധിച്ചും മറ്റുമുള്ള വിശദ വിവരങ്ങള്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ലഭ്യമാണ്. ഐഎസ്സി കലാ പ്രതിഭ, കലാതിലകം പുരസ്കാരവും സമ്മാനിക്കും.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, സാഹിത്യ വിഭാഗം സെക്രട്ടറി ആര്‍.വി. ജയദേവന്‍, മുഖ്യ പ്രായോജകരായ മെഡിയോര്‍ സിഇഒ പീറ്റര്‍ സ്ളാബെര്‍ട്സ്, സിഎംഒ ഡോ. ലാലു ചാക്കോ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള