ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ
Monday, May 16, 2016 6:04 AM IST
ഡാളസ്: ഒരു ദിവസത്തില്‍ 18 പൂജകള്‍, 41 ദേവന്മാര്‍ക്കര്‍പ്പിക്കുന്ന ബൃഹത്തായ ഉദയാസ്തമന പൂജ, ക്ഷേത്ര തന്ത്രി കരിയന്നൂര്‍ ദിവാകരന്‍നമ്പൂതിരിയുടെ പ്രധാന കാര്‍മികത്വത്തില്‍ നിര്‍വഹിക്കാന്‍, വേദമന്ത്രങ്ങള്‍ സ്വായത്തമാക്കിയ അനേകം ശാന്തിമാര്‍ ഡാളസില്‍ എത്തിച്ചേരുന്നു.

നാട്ടില്‍നിന്ന് എത്തുന്ന മേളക്കാരുടെ അകമ്പടി ഈ പൂജകളില്‍ ഉടനീളം ഉണ്ടായിരിക്കും. പ്രതിഷ്ഠാദിന വാര്‍ഷികത്തോടനുബന്ധിച്ച് പത്തു ദിവസത്തേക്കാണ് ഈ പൂജ നടത്തപ്പെടുന്നത്. ഉദയാസ്തമന പൂജ നടത്തുന്ന ഭക്തന്‍, ഒരു ദിവസത്തെ ഉത്സവത്തിനു സമാനമായ പൂജാദി കര്‍മങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമ്പോള്‍, ദേവപ്രസാദമായി സര്‍വൈശ്വര്യങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും ലഭിക്കുന്നു എന്നതാണു വിശ്വാസം.

ശ്രീ കൃഷ്ണഭക്തരുടെ ആധിക്യം കൊണ്ട് 25 വര്‍ഷത്തേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കാതിരിക്കുന്ന ഗുരുവായൂര്‍, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ, ഡാളസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നത് ഭഗവല്‍ പ്രസാദം കൊണ്ടുമാത്രമാണന്നു കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ളയും ട്രസ്റി ചെയര്‍മാന്‍ ഹരി പിള്ളയും അഭിപ്രായപ്പെട്ടു.