ജെറിന്‍ ജൂബിക്കു പോള വില്യംസ് അവാര്‍ഡ്
Sunday, May 15, 2016 3:03 AM IST
സന്ദര്‍ലാന്‍ഡ്: വിറ്റ്ബേണ്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് അക്കാഡമി സ്കൂള്‍ വിദ്യാര്‍ഥിയും സന്ദര്‍ലാന്‍ഡിലെ എം.സി. ജൂബിയുടെയും രാഗി ജൂബിയുടെയും മകനുമായ ജെറിന്‍ ജൂബി പോള വില്യംസ് അവാര്‍ഡ് സ്വന്തമാക്കി യുകെയിലെ മലയാളികള്‍ക്ക് അഭിമാനമായി മാറി. ഈ സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിയാണു ജെറിന്‍.

ഒരു വിദ്യാര്‍ഥിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തി നല്‍കുന്നതാണ് ഈ അവാര്‍ഡ്. പഠനം അതില്‍ ഒരു മാനദണ്ഡം മാത്രം. വ്യക്തിപരമായ പെരുമാറ്റവും സഹജീവികളോടുള്ള ദീനാനുകമ്പയുമെല്ലാം പരിഗണിച്ചാകും അവാര്‍ഡ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് കാട്ടുന്ന ജെറിന്‍ അവാര്‍ഡ് സ്വീകരിച്ചു നടത്തിയ പ്രസംഗവും ശ്രദ്ധേയമായിരുന്നു. യുകെയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണു വിറ്റ്ബേണ്‍ അക്കാഡമി. അതുകൊണ്ടുതന്നെ അവിടെനിന്ന ലഭിക്കുന്ന ഒരു അവര്‍ഡിന് ബ്രിട്ടീഷ് സമൂഹത്തില്‍ ഏറെ പ്രാധാന്യവുണ്ട്.

ജെറിന് രണ്ടു സഹോദരങ്ങളാണുള്ളത്. ഇതേ സ്കൂളില്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ ജെലീനയും വിറ്റ്ബേണ്‍ മാര്‍ഡ്സണ്‍ പ്രെെമറി സ്കൂള്‍ വിദ്യാര്‍ഥിയായ ജെസിക്കയും. കോട്ടയം കല്ലറ സ്വദേശിയായ ജൂബി എംസി സണ്ടര്‍ലാന്‍ഡിലും ന്യൂകാസിലിലും മലയാളികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. അസോസിയേഷന്‍ പരിപാടികളില്‍ കീബോര്‍ഡ് വായിക്കാന്‍ ന്യൂകാസിലില്‍ ഉള്ളവര്‍ ആദ്യം തേടിയെത്തുന്നത് ജൂബിയെ ആണ്.

ഭാര്യ രാഗി സംസ്ഥാന ഹോക്കി താരമായിരുന്നു. നിരവധി ടൂര്‍ണമെന്റുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജെലീനയും ജെസീക്കയും റഗ്ബിയിലും ജിംനാസ്റിക്കിലും ഭാവിവാഗ്ദാനങ്ങളാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍