അബുദാബി: ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഐഎസ്സി പ്രഫഷണല്‍സ് ആന്‍ഡ് എന്റര്‍പ്രണേഴ്സ് ഫോറം 20, 21 തീയതികളില്‍ അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്പോ 2016 നടത്തുന്നു.
ഇന്ത്യ -യുഎഇ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള എക്സ്പോയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ ഇരുപത്തിയഞ്ചോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .
പഞ്ചാബ്, ഹിമാചല്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ര്ട, കര്‍ണാടക, പശ്ചിമബംഗാള്‍ കേരളംതുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവ പങ്കെടുക്കും. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ് തുടങ്ങിയ വ്യോമയാന കമ്പനികളും പങ്കെടുക്കും.
20നു രാവിലെ പത്തിനാണ് ഉദ്ഘാടനം. ആയുര്‍വേദ ചികിത്സകളെക്കുറിച്ച് ഡോ. ദിനേശ് കര്‍ത്താ നടത്തുന്ന പ്രഭാഷണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാര്‍ നടത്തും. രാത്രി എട്ടിന് ഇന്ത്യന്‍ ബിസിനസ് പ്രമുഖര്‍, ടൂറിസം ആന്‍ഡ് ട്രാവല്‍ രംഗത്തെ പ്രഫഷനലുകള്‍, എംബസി ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനം. എക്സ്പോ സന്ദര്‍ശിക്കുന്നവര്‍ക്കു സൌജന്യ ഓഫറുകള്‍, റാഫിള്‍, യാത്രാ ഡിസ്കൌണ്ടുകള് എന്നിവയുമുണ്ട്.
ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി മത്സരങ്ങളുമുണ്ട്. അവധി യാത്രകളില്‍ പകര്‍ത്തിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഫോട്ടോകളും വിഡിയോകളും മല്‍സരത്തിനായി സമര്‍പ്പിക്കാം.
പത്രസമ്മേളനത്തില്‍ ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി.വര്‍ഗീസ്, വൈസ് പ്രസിഡന്റ് രാജന് സക്കറിയ, ഐഎസ്സി പ്രഫഷനല്‍സ് ആന്‍ഡ് ഒന്‍ട്രപ്രനേഴ്സ് ഫോറം വൈസ് ചെയര്മാന് ജോര്‍ജ് വര്‍ഗീസ്, ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്പോ കണ്‍വീനര്‍ ഷാജി വള്ളിക്കാ ട്ടിരി എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള