ജിബ്രാള്‍ട്ടറിനും കൊസോവോയ്ക്കും ഫിഫ അംഗത്വം
Saturday, May 14, 2016 8:10 AM IST
സൂറിച്ച്: ജിബ്രാള്‍ട്ടര്‍, കൊസോവോ എന്നിവയ്ക്കു കൂടി ഫിഫ ഗവേണിംഗ് ബോഡില്‍ അംഗത്വം ലഭിച്ചു. ഇതോടെ ഫിഫ അംഗരാജ്യങ്ങളുടെ എണ്ണം 211ല്‍ എത്തി.

ഇതോടെ 2018 ലെ ലോകകപ്പിനുള്ള യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ ജിബ്രാള്‍ട്ടറിനും കൊസോവോയ്ക്കും പങ്കെടുക്കാനാകും.

ഇരു രാജ്യങ്ങളെയും ഉള്‍പ്പെടുത്താനുള്ള വോട്ടെടുപ്പില്‍ 86 ശതമാനം അംഗങ്ങളും കൊസോവോയെ അനുകൂലിച്ചപ്പോള്‍ 93 ശതമാനം പേര്‍ ജിബ്രാള്‍ട്ടറിനെ തുണച്ചു. ഇവരുടെ അയല്‍ രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്.

മുന്നൂറു വര്‍ഷം മുന്‍പ് സ്പെയ്ന്‍ ബ്രിട്ടനു നല്‍കിയ പ്രദേശമാണ് ജിബ്രാള്‍ട്ടര്‍. എന്നാല്‍, ഇപ്പോള്‍ ജിബ്രാള്‍ട്ടര്‍ തിരികെ വേണമെന്ന് ആവശ്യപ്പെടുന്ന സ്പെയ്നാണ് അംഗത്വത്തെ ഏറ്റവും ശക്തമായി എതിര്‍ത്തത്.

2008 ല്‍ സെര്‍ബിയയില്‍നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിച്ച രാജ്യമാണ് കൊസോവോ. ഇവിടെ ജനിച്ച ഫുട്ബോള്‍ താരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ടീമുകളില്‍ കളിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍