അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Saturday, May 14, 2016 5:37 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 20 മുതല്‍ 23 വരെ മേരിലാന്റ് എമിറ്റ്സ് ബര്‍ഗ് മൌണ്ട് സെന്റ് മേരീസ് യൂണിവേഴ്സിറ്റി ഹാളില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സാന്നിധ്യത്തിലും യല്‍ദൊ മാര്‍ തീത്തോസിന്റെ നേതൃത്വത്തിലും നടത്തപ്പെടുന്ന കുടുംബ സംഗമത്തില്‍ ഇതര സഭകളിലേയും സാമൂഹ്യ സാംസ്കാരിക മേഖലകളിലേയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.

യാക്കൂബ് മാര്‍ അന്തോനിയോസ്, ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവര്‍ക്ക് പുറമേ പ്രസിദ്ധ ധ്യാന ഗുരുവും വചന പ്രഘോഷകനുമായ റവ. ജേക്കബ് ചാലിശേരില്‍ കോര്‍ എപ്പിസ്കോപ്പായും മുഖ്യ പ്രഭാഷണം നടത്തും.

കുടുംബ മേളയുടെ സമാപന ദിനമായ ഞായര്‍ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മികത്വത്തിലും മെത്രാപ്പോലീത്താമാര്‍, കോര്‍ എപ്പിസ്കോപ്പാമാര്‍, വൈദികര്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് കോഓര്‍ഡിനേറ്റര്‍മാരായ ഫാ. എബി മാത്യു, ഫാ. വര്‍ഗീസ് പോള്‍ എന്നിവര്‍ അറിയിച്ചു.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരിക്കുമെന്ന് പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു.

ഭദ്രാസനത്തിലെ വിവിധ ദേവായങ്ങളില്‍ നിന്നുമായി ഇതിനോടകം തന്നെ നൂറു കണക്കിനു വിശ്വാസികള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതില്‍ ഏറെ സന്തോഷമുണ്െടന്നും ഇനിയും കൂടുതല്‍ അംഗങ്ങള്‍ എത്രയും വേഗം രജിസ്റര്‍ ചെയ്ത് ഈ വര്‍ഷത്തെ കുടുംബമേള വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിക്കണമെന്നും രജിസ്ട്രേഷന്‍ കോഓര്‍ഡിനേറ്റര്‍ ഷെവലിയാര്‍ ഏബ്രഹാം മാത്യു ഓര്‍മിപ്പിച്ചു.

ന്യൂയോര്‍ക്കിലെ വിപ്പനിയില്‍ സ്ഥിതി ചെയ്യുന്ന ഭദ്രാസന ആസ്ഥാനത്ത് ഈ വര്‍ഷം നടപ്പാക്കുവാനുദ്ദേശിക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ളാനും മറ്റു വിവരങ്ങളും ഉള്‍ക്കൊളളിച്ചുകൊണ്ടുളള ഡിജിറ്റല്‍ പ്രസന്റേഷനും കോണ്‍ഫറന്‍സിന്റെ ഭാഗമായിരിക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍