ഡാളസ് സൌഹൃദ വേദി മാതൃദിനാഘോഷം നടത്തി
Saturday, May 14, 2016 5:36 AM IST
ഡാളസ്: മാതൃദിനാഘോഷം പൊതു പരിപാടിയായി സംഘടിപ്പിച്ച് ഡാളസ് സൌഹൃദ വേദി അമേരിക്കയിലെ മറ്റു പ്രവസി സംഘടനകള്‍ക്കു മാതൃകയായി.

മേയ് എട്ടിനു കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ മാതൃദിന സംഗമം നടന്നു. മാതൃ മനസുകള്‍ക്കു കുളിര്‍മയേകുന്ന പുതുമയേറിയ പരിപാടികളോടു കൂടിയാണ് സമ്മേളനം ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസില്‍ അവതരിപ്പിച്ചത്.

മുഖ്യാതിഥിയായിരുന്ന പ്രഫ. ഡോ. എലിസബത്ത് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. ഡാളസിലെ കലാ സംസ്കാരിക പ്രമുഖരായ ഏബ്രഹാം തെക്കേമുറി, പ്രഫ. ഫിലിപ്പ് തോമസ് സിപിഎ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്തുത്യാര്‍ഹമായ സേവനത്തിനും കലാ, സാംസ്കാരിക, സാഹിത്യ രംഗത്ത് നേടിയ മികച്ച നേട്ടത്തിനും ഡാളസ് സൌഹൃദ വേദി ഡാളസിലെ അഞ്ചു വനിതകളെ ആദരിച്ചു.

അര നൂറ്റാണ്ടുകാലം ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുകയും ഡാളസിലെ കലാ സാംസ്കാരിക രംഗത്ത് തിളങ്ങി പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഏലിക്കുട്ടി ഫ്രാന്‍സിസിനെ ഡോ.എലിസബത്ത് ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. കലാ സാംസ്കാരിക സാഹിത്യ മേഖലകളിലും വിദ്യാഭ്യാസ രംഗത്തും അപൂര്‍വമായ നേട്ടം കൈവരിച്ച സുധാ ജോസഫ് (പ്രസ് ആന്ധ്ര മീഡിയ അവതാരിക), മീനു എലിസബത്ത് (മികച്ച എഴുത്തുകാരി) ഷൈനി ഫിലിപ്പ് (കലാ സാംസ്കാരികം) ഡോ. നിഷ ജേക്കബ് (നഴ്സിംഗ്) എന്നിവര്‍ക്കു മെമെന്റൊ സമ്മാനിച്ചു.

റിഥം ഓഫ് ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന ഏറ്റം പുതുമയേറിയ ഡാന്‍സുകളും സിനിമയില്‍ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള സജി കോട്ടയടിയുടെ മിമിക് ഷോയും മാതൃ ദിനാഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി. സെക്രട്ടറി അജയകുമാറിന്റെ കവിതയും ഡാളസിലെ പ്രശസ്ത ഗായകരായ സുകു വര്‍ഗീസ്, അനു ജയിംസ്, റൂബി തോമസ് തുടങ്ങിയവര്‍ മാതൃ ദിനത്തോടനുബന്ധിച്ച ആലപിച്ച ഗീതങ്ങളും സദസിനെ സംഗീത ലഹരിയിലാക്കി.

ഡാളസിലെ പ്രമുഖരായ പ്രഫ. സോമന്‍ ജോര്‍ജ്, പി.പി. ചെറിയാന്‍, രാജു വര്‍ഗീസ്, തോമസ് ഏബ്രഹാം, സാറാ ചെറിയാന്‍, ഷിജു ഏബ്രഹാം, കൈരളി ടിവി പ്രൊഡക്ഷന്‍ ഡയറക്ടര്‍ ജോസ് പ്ളാക്കട്ട് തുടങ്ങിയവര്‍ പരിപാടി നിരീക്ഷകരായിരുന്നു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ