പ്രശസ്ത വോളിബോള്‍ പരിശീലകന്‍ എം. ടി. ശാമുവേല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു
Saturday, May 14, 2016 1:55 AM IST
ന്യുയോര്‍ക്ക്: നിരവധി തവണ കേരള പുരുഷ- വനിതാ ടീമുകളുടെ പരിശീലകനായിരുന്ന പ്രശസ്ത വോളിബോള്‍ പരിശീലകന്‍ എം. ടി. ശാമുവേല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഹൃസ്വ സന്ദര്‍ശനത്തിനായി ഞായറാഴ്ച ലോസാഞ്ചല്‍സില്‍ എത്തിച്ചേരുന്ന സാമുവലിനു കായിക പ്രേമികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍പ് അനവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിട്ടുളള സാമുവേലിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

ലോസാഞ്ചല്‍സ് കൂടാതെ ലാസ് വേഗാസ്, വാഷിംഗ്ടണ്‍ ഡിസി, പെന്‍സില്‍വാനിയ, ന്യുജഴ്സി, ന്യുയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ദീര്‍ഘകാലം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിന്റെ വോളിബോള്‍ പരിശീലകനായിരുന്നു. ഒട്ടനവധി അഖിലേന്ത്യാ കിരീടങ്ങള്‍ നേടാന്‍ പോര്‍ട്ട് വോളി ടീമിനെ പിശീലിപ്പിച്ച സാമുവേല്‍ ദേശീയ ചാമ്പ്യന്‍ ഷിപ്പിലും ഫെഡറേഷന്‍ കപ്പിലും പല തവണ കേരള പുരുഷ വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. 2012 ല്‍ റായിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്മാര്‍ ജേതാക്കളായത് സാമുവേലിന്റെ പരിശീലക മികവിലായിരുന്നു.

ഇന്റര്‍ നാഷണല്‍ വോളിബോള്‍ ഫെഡറേഷന്‍ ബഹറിനില്‍ നടത്തിയ അന്തര്‍ദേശീയ കോച്ചിംഗ് ക്ളിനിക്കില്‍ പങ്കെടുത്ത് പരിശീലകര്‍ക്കുളള ലവന്‍ ടു കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്റെ ടെക്നിക്കല്‍ കമ്മറ്റിയംഗമായും ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മറ്റിയംഗമായൂം പ്രവര്‍ത്തിച്ചിട്ടുളള സാമുവേല്‍ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത റഫറി കൂടിയാണ്.

എറണാകുളത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന ഈ ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കേരളാ സ്പോര്‍ട്സ് കൌണ്‍സില്‍ വോളിബോള്‍ പരിശീലകനായി സേവനമനുഷ്ഠിക്കുന്നു. പോര്‍ട്ട് ട്രസ്റ് ഉദ്യാഗസ്ഥയായ ഭാര്യ വല്‍സയും സാമുവേലിനോടൊപ്പം അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി