മനുഷ്യക്കടത്ത് തടയുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയം: ബ്രിട്ടീഷ് കമ്മിറ്റി
Friday, May 13, 2016 6:12 AM IST
ലണ്ടന്‍: മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള മനുഷ്യക്കടത്ത് തടയുന്നതില്‍ യൂറോപ്യന്‍ യൂണിയന്റെ ദൌത്യം പരാജയമെന്നു ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതിയുടെ വിലയിരുത്തല്‍.

ഓപ്പറേഷന്‍ സോഫിയ എന്ന പേരില്‍ നടത്തിവരുന്ന ദൌത്യം ഏതെങ്കിലും തരത്തില്‍ ഫലപ്രദമായതായി കാണാന്‍ കഴിയുന്നില്ലെന്നാണ് ഉപരിസഭയിലെ യൂറോപ്യന്‍ യൂണിയന്‍ സമിതിയുടെ വിലയിരുത്തല്‍.

മനുഷ്യക്കടത്തുകാര്‍ ഉപയോഗിച്ചു വന്ന കുറേ തടി ബോട്ടുകള്‍ തകര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സംഘത്തിനായി. എന്നാല്‍, ഇതോടെ കടത്തുകാര്‍ റബര്‍ ഡിങ്കികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇത് അവയില്‍ സഞ്ചരിക്കുന്നവരെ കൂടുതല്‍ അപകടത്തിലാക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നു.

2015ലാണ് ഓപ്പറേഷന്‍ സോഫിയയ്ക്ക് തുടക്കം കുറിച്ചത്. നൂറുകണക്കിന് അഭയാര്‍ഥികള്‍ ബോട്ടു മുങ്ങി മരിക്കുന്ന സംഭവങ്ങളെത്തുടര്‍ന്നായിരുന്നു ഇത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍