ജര്‍മനി തേടിയ തീവ്രവാദ റിക്രൂട്ടറെ സ്വീഡന്‍ പിടികൂടി
Friday, May 13, 2016 6:12 AM IST
സ്റോക്ക്ഹോം: ജര്‍മനിയില്‍ ആളുകളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ച് റിക്രൂട്ട്മെന്റ് നടത്തിവന്നിരുന്ന ആളെ സ്വീഡിഷ് പോലീസ് അറസ്റു ചെയ്തു. ജര്‍മന്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഇയാളുടെ വിവരങ്ങള്‍ നേരത്തെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു കൈമാറിയിരുന്നതാണ്.

ഇയാള്‍ ജര്‍മന്‍കാരനല്ലെന്നും 23 വയസ് മാത്രമാണു പ്രായമെന്നും സൂചന. കൂടുതല്‍ വിവരങ്ങളൊന്നും സ്വീഡിഷ് പോലീസ് പുറത്തുവിട്ടിട്ടില്ല.

നിലവില്‍ ഇയാളെ ആറ്റുന്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വൈകാതെ ജര്‍മനിക്കു കൈമാറുമെന്നാണു കരുതുന്നത്.

അതേസമയം ജര്‍മനിയില്‍ അഭയാര്‍ഥികളായെത്തിയ നാല്‍പ്പതു പേരെ ഭീകര സംഘടനകളുമായുള്ള ബന്ധം സംശയിച്ച് പോലീസ് നിരീക്ഷിച്ചു വരുന്നതായി ഏജന്‍സി റിപ്പോര്‍ട്ടു പുറത്തുവന്നു.

ഭീകരവാദികളെന്നു സംശയിക്കുന്നവരെക്കുറിച്ച് 369 സൂചനകളാണ് പോലീസിനു ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതില്‍നിന്നാണ് നാല്പതു പേരെ തിരിച്ചറിഞ്ഞത്. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ശേഖരിക്കുന്നതു വരെ ഇവരെ നിരീക്ഷിക്കുകയല്ലാതെ അറസ്റ് ചെയ്യില്ല.

ഇവരെ ഉപയോഗിച്ച് ഭീകര സംഘടനകള്‍ വിവിധ യൂറോപ്യന്‍ നഗരങ്ങള്‍ ആക്രമണം നടത്താനുള്ള സാധ്യത അന്വേഷണോദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍, ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ പലതും അടിസ്ഥാനമില്ലാത്തതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍