ഓസ്ട്രിയയില്‍ ക്രിസ്റ്യന്‍ കേറന്‍ ചാന്‍സലറാകുമെന്നു അഭിപ്രായ സര്‍വേ
Friday, May 13, 2016 4:19 AM IST
വിയന്ന: പുതിയ ചാന്‍സലര്‍ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കവേ ഓസ്ട്രിയയിലെ ഒരു പ്രമുഖ ദിനപത്രം നടത്തിയ അഭിപ്രായസര്‍വേയില്‍ ഓസ്ട്രിയന്‍ റെയില്‍ മേധാവി ക്രിസ്റ്യന്‍ കേറനു വ്യക്തമായ മുന്‍തൂക്കം. അദ്ദേഹം സോഷ്യലിസ്റ് പാര്‍ട്ടിയിലെ തന്റെ മറ്റു എതിരാളികളെ ബഹുദൂരം പിന്നിലാക്കി.

അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേരും കേറനെ പിന്തുണച്ചപ്പോള്‍ മുന്‍ ചാനല്‍ മേധാവി ഗേര്‍ഹാര്‍ഡിനു മൂന്നാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ. ഒന്‍പതു ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. പ്രതിരോധ മന്ത്രി ഹാന്‍സ് പീറ്റര്‍ ഡോസ്ക്കോസിന് പത്ത് ശതമാനവും ആരോഗ്യമന്ത്രി സബീനേ ഓബര്‍ ഹോയിസര്‍ക്ക് എട്ടു ശതമാനവും പാര്‍ട്ടി പാനല്‍ മേധാവി ആന്ത്രയാസ് ഷീദര്‍ക്ക് മൂന്നു ശതമാനവും വോട്ടാണു ലഭിച്ചത്.

റെയില്‍വേ മേധാവി എന്ന നിലയിലെ കേറന്റെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കിയത്. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും പുതിയ തെരഞ്ഞെടുപ്പു ഉടന്‍ വേണമെന്ന ആവശ്യക്കാരായിരുന്നു. 42 ശതമാനം പേര്‍ മന്ത്രിസഭാ തുടരണമെന്ന അഭിപ്രായക്കാരായിരുന്നു.

27 ശതമാനം പേര്‍ മുന്‍ ചാന്‍സലര്‍ ഹായ്മാന്‍ നല്ല ചാന്‍സലറായിരുന്നു എന്നഭിപ്രായപ്പെട്ടപ്പോള്‍ 31 ശതമാനം പേര്‍ മോശമെന്നും മറ്റൊരു 29 ശതമാനം പേര്‍ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു.

അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 31 ശതമാനം പേര്‍ വൈസ് ചാന്‍സലര്‍ രാജി വയ്ക്കണമെന്നും 42 ശതമാനം പേര്‍ അദ്ദേഹം തുടരണമെന്നും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍