വസ്ത്രങ്ങളില്‍ ഇനിമുതല്‍ വിയര്‍പ്പുനാറ്റമില്ല; 10 ലക്ഷത്തിന്റെ അവാര്‍ഡ് മലയാളികള്‍ക്ക്
Friday, May 13, 2016 4:08 AM IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയുടെ മികച്ച വാണിജ്യ ഉപയോഗത്തിനുള്ള പത്തു ലക്ഷം രൂപയുടെ ദേശീയ അവാര്‍ഡ് മലയാളികളുടെ റെസില്‍ കെമിക്കല്‍സ് കമ്പനിക്ക്. ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചു വിജ്ഞാന്‍ ഭവനില്‍ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പുരസ്കാരം സമ്മാനിച്ചു.

ബംഗളൂരു ആസ്ഥാനമായുള്ള റെസില്‍ കെമിക്കല്‍സിനു വേണ്ടി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. മോഹനും ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.എസ്. വിജയനും എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്നവേഷന്‍) ഗണേശ് ശ്രീനിവാസനും ചേര്‍ന്നാണു രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് സ്വീകരിച്ചത്. പത്തു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം.

വസ്ത്രങ്ങളില്‍ ദുര്‍ഗന്ധം ഒഴിവാക്കുന്ന തരത്തില്‍ ബാക്ടീരിയയെ പൂര്‍ണമായി അകറ്റിനിര്‍ത്താന്‍ കഴിയുന്ന 'എന്‍ 9 പ്യൂര്‍ സില്‍വര്‍' എന്ന സാങ്കേതികവിദ്യയുടെ ഉപയോഗമാണ് അവാര്‍ഡിന് അര്‍ഹമായത്. തുണികളിലെ വിയര്‍പ്പുനാറ്റം ഒഴിവാക്കുന്ന എന്‍ 9 പ്യൂര്‍ സില്‍വര്‍ സാങ്കേതിക വിദ്യയുടെ ആഗോള പേറ്റന്റും റെസില്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

വെള്ളി അടിസ്ഥാനമാക്കിയുള്ള ഈ പ്രത്യേക രാസപ്രയോഗത്തിലൂടെ വസ്ത്രങ്ങളില്‍ വിയര്‍പ്പുനാറ്റം ഒഴിവാക്കാനും ദീര്‍ഘകാലം പുതുമ കാത്തുസൂക്ഷിക്കാനും കഴിയുമെന്നു വിജയനും മോഹനും പറഞ്ഞു. പരിസ്ഥിതിക്കു അനുകൂലമായ രാസപ്രവര്‍ത്തനമെന്ന നിലയിലും ഈ സാങ്കേതിക വിദ്യ പ്രശംസ നേടി. ചര്‍മത്തിനോ, പ്രകൃതിക്കോ ഒരു ദോഷവും വരുത്തില്ലെന്നതും പ്രത്യേകതയാണെന്നു കമ്പനി അവകാശപ്പെട്ടു.

വസ്ത്രമേഖലയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ 25 വര്‍ഷത്തെ മികവു നേടിയ റെസില്‍ കെമിക്കല്‍സ് ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള പ്രമുഖ കമ്പനിയാണ്. തുണികള്‍ക്കു പുറമേ കാര്‍ഷിക, കടലാസ്, ലെതര്‍, പേഴ്സണല്‍ കെയര്‍ തുടങ്ങിയ മേഖലകളിലേക്കു കൂടി കമ്പനിയുടെ സേവനങ്ങള്‍ അടുത്തിടെ വ്യാപിപ്പിച്ചിട്ടുണ്ട്.