ഷിക്കാഗോ ക്നാനായ ഫൊറോനായില്‍ മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ആഘോഷിച്ചു
Thursday, May 12, 2016 7:05 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ആഘോഷിച്ചു.

മേയ് എട്ടിനു രാവിലെ 9.45നു വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മങ്ങള്‍ നടന്നത്.

മിഖായേല്‍ മാലാഖ ക്രിസ്താനികളുടെ മാത്രമല്ല യഹൂദരും മുസ്ലിംകളും ബഹുമാനിക്കുന്ന മാലാഖയാണെന്നും മിഖായേല്‍ മാലാഖയെ സാത്താനുമായി യുദ്ധം ചെയ്യുന്നതിനും ഇസ്രായേലിനേയും സഭയേയും സംരക്ഷിക്കുന്നതിനും മരണസമയത്ത് പിശാചില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിനും ആത്മാക്കളെ നിത്യവിധിയില്‍ ദൈവത്തിനുമുമ്പില്‍ ഹാജരാക്കുന്നതിനും വേണ്ടിയാണ് ദൈവം നിയോഗിച്ചിരിക്കുന്നതെന്നും വചന സന്ദേശത്തില്‍ ഫാ. ഏബ്രഹാം മുത്തലോത്ത് വിശദീകരിച്ചു. ഈ കാലഘട്ടത്തില്‍ പിശാചിന്റെ പരീക്ഷണം പ്രധാനമായി മൂന്നു തരത്തിലാണെന്നും ഒന്നാമതായി ദൈവത്തെ അവഗണിച്ച് ഭൌതിക സുഖങ്ങളില്‍ മാത്രം ജീവിക്കുന്നത്, രണ്ടാമതായി ദൈവം എന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്െടന്നും സഭയെ എതിര്‍ത്ത് പള്ളിയില്‍ പോകാതെ വല്ലപ്പോഴും ദൈവവുമായിട്ട് പ്രാര്‍ഥിക്കാറുണ്െടന്നു പറഞ്ഞ് ജീവിക്കുക, മൂന്നാമതായി നല്ലവരായി ജീവിച്ചിട്ടും സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തെ തള്ളി പറയുന്നതുമാണെന്നും നിരവധി ഉദാഹരണങ്ങള്‍ നിരത്തി ഫാ. മുത്തോലത്ത് വിശദീകരിച്ചു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത് ചെമ്മാച്ചേല്‍ കുടുംബാംഗങ്ങളും ഏബ്രഹാം ആന്‍ഡ് എത്സമ്മ പൂത്തുറയിലും അവരുടെ കുടുംബാംഗങ്ങളുമാണ്. തിരുനാളിന്റെ നടത്തിപ്പിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി