ന്യൂയോര്‍ക്കില്‍ ഇ-മലയാളി അവാര്‍ഡ് സന്ധ്യ മേയ് 14ന്
Thursday, May 12, 2016 7:04 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളെ വായനയുടെ പുതിയ മേച്ചില്‍ പുറങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയ ഇ-മലയാളിയുടെ അവാര്‍ഡ് സന്ധ്യയ്ക്ക് ഇനി രണ്ടു നാള്‍.

വായനാനുഭവങ്ങളിലുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരെ ചടങ്ങില്‍ ആദരിക്കുന്നു. പ്രവാസികള്‍ക്കിടയില്‍ മലയാളത്തിന്റെ മാധുര്യം പടര്‍ത്തി വാര്‍ത്തകളെയും സാഹിത്യത്തെയും ഒരു പോലെ പരിപോഷിപ്പിച്ച ഇ-മലയാളി ഇതാദ്യമായാണ് ഇത്തരമൊരു ചടങ്ങ് ഒരുക്കുന്നത്.

ന്യൂയോര്‍ക്ക് ഫ്ളോറല്‍ പാര്‍ക്കില്‍ ടൈസന്‍ സെന്ററില്‍ മേയ് 14നു (ശനി) മൂന്നിനു ചടങ്ങുകള്‍ക്ക് തുടക്കമാവും. മുഖ്യാതിഥിയായി കോണ്‍സുല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് പങ്കെടുക്കും. വ്യത്യസ്തമായ ചര്‍ച്ചയും സെമിനാറുമാണ് പരിപാടിയുടെ ഹൈലൈറ്റ്. 'പ്രവാസ ജീവിതത്തില്‍ എഴുത്ത്' എന്ന വിഷയത്തില്‍ രതിദേവി, ഡോ. എന്‍.പി. ഷീല, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, അനിത പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്നു അവാര്‍ഡ് ജേതാക്കളുമായി സദസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

പൊതുസമ്മേളനത്തില്‍ ഡോ. എം.വി. പിള്ള, ജെ. മാത്യൂസ്, നീന പനക്കല്‍, രാജു മൈലപ്ര, മുരളി ജെ. നായര്‍, ശിവന്‍ മുഹമ്മ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ബിന്ദ്യ പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ശാലിനിയുടെ കലാസന്ധ്യയും അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് ലീല മാരേട്ട് കോ-ഓര്‍ഡിനേറ്ററായ സുവനീയര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

എ.കെ.ബി. പിള്ള (സമഗ്ര സംഭാവന), കാരൂര്‍ സോമന്‍, ബ്രിട്ടന്‍ (പ്രവാസി സാഹിത്യ അവാര്‍ഡ്), തമ്പി ആന്റണി (കവിത), ലൈല അലക്സ് (ചെറുകഥ), വാസുദേവ് പുളിക്കല്‍ (ലേഖനം), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍) എന്നിവര്‍ക്കാണ് ഇ-മലയാളിയുടെ പ്രഥമ സാഹിത്യ അവാര്‍ഡ്. സരോജ വര്‍ഗീസ് (സഞ്ചാര കുറിപ്പുകള്‍), ജി. പുത്തന്‍കുരിശ് (ഖലീല്‍ ജിബ്രാന്റെ കവിതകളുടെ വിവര്‍ത്തനം), പ്രിന്‍സ് മാര്‍ക്കോസ് (സാഹിത്യ-മാധ്യമ രംഗത്തെ സംഭാവനകള്‍) എന്നിവര്‍ക്ക് പ്രത്യേക അംഗീകാരങ്ങളും ഇ-മലയാളി നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍