പ്രവാസി മലയാളികള്‍ക്കു പുത്തന്‍ വായനാനുഭവം സമ്മാനിച്ചുകൊണ്ട് ജ്വാല മേയ് ലക്കം പുറത്തിറങ്ങി
Wednesday, May 11, 2016 6:19 AM IST
ലണ്ടന്‍: ആസന്നമായ തെരഞ്ഞെടുപ്പു ചൂടില്‍ കേരളം ഉരുകിയൊലിക്കുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവുമായി എത്തുകയാണ് ജ്വാലയുടെ മേയ് ലക്കം.

ഇവിടെയും ഏറെ വിഷയമാകുന്നതും രാഷ്ട്രീയം തന്നെ. പ്രശസ്ത കവി ചെമ്മനം ചാക്കോയുടെ കവിത നമുക്കു മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. പുതു തലമുറക്ക് വഴിവിളക്കാകേണ്ട പൊതുപ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും അത് അതേപടി ജനങ്ങള്‍ക്ക് മുന്നില്‍ ആദ്യം എത്തിക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങളും അദേഹത്തിന്റെ കവിതയിലൂടെ എത്തുന്നു.

ദിനേശന്‍ കപ്രശേരിയുടെ 'ചില പക്ഷപാത ചിന്തകള്‍' എന്ന ലേഖനം ഏറെ ശ്രദ്ധേയമാണ്. രഘുനാഥ് പലേരിയുടെ അനുഭവക്കുറിപ്പും പങ്കു ജോബിയുടെ കഥയും ജ്വാലയുടെ ഈ ലക്കത്തെ സമ്പുഷ്ടമാക്കുന്നു.

ഫൈസല്‍ ബാവ എഴുതിയ 'ഇടവപ്പാതിക്കെന്താ വില?' എന്ന ലേഖനം വേനലില്‍ ചുട്ടുപൊള്ളുന്ന കേരളത്തിന്റെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു.

പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷണമാചാരിയുമായുള്ള അഭിമുഖം, ഡോ എം.എസ്. പോള്‍ എഴുതിയ 'കാക്കനാടന്റെ വഴി' തുടങ്ങിയവയൊക്കെ വായനക്കാരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. യുക്മ ദേശീയ സാഹിത്യ മത്സരങ്ങളില്‍ വിജയികളായവരുടെ കൃതികളും ജ്വാല മേയ് ലക്കത്തെ കൂടുതല്‍ ഈടുറ്റതാക്കുന്നു.

ജ്വാലയുടെ ഈ ലക്കം മുഖചിത്രത്തില്‍ എത്തിയത് മഞ്ചസ്ററില്‍ നിന്നുള്ള ആഡ്രിയ അലക്സ് എന്ന കൊച്ചു സുന്ദരിയാണ്.

യുക്മ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന 'ജ്വാല' ഇ-മാഗസിന്‍ ലോക പ്രവാസി മലയാളി സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട്ടിലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ജ്വാല ഇ-മാഗസിന്‍ യുക്മക്ക് എറെ അഭിമാനകരമാകുകയാണെന്ന് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ അഭിപ്രായപ്പെട്ടു.