നീതിക്കായുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല കുവൈറ്റ് പ്രതിരോധ സംഗമം
Tuesday, May 10, 2016 5:44 AM IST
കുവൈത്ത്: പെരുമ്പാവൂരില്‍ അതിനിഷ്ഠുരമായി കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു.

കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ ജിഷയുടെ കുടുംബത്തിനു നീതി ലഭിക്കുന്നതിനായി രാപ്പകല്‍ പോരാട്ട ഭൂമിയില്‍ കൊടുങ്കാറ്റുയര്‍ത്തുന്നവര്‍ക്കും ഒപ്പമാണെന്നും ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്ത ഒരു പുതിയ കേരളം രൂപപ്പെടുത്തുന്നതിനായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു.

ഭരണത്തലപ്പത്തുള്ളവര്‍ ഇത്തരം സംഭവങ്ങളോട് കുറ്റകരമായ അലംഭാവം പുലര്‍ത്തുന്നു. ഇതിനെതിരായുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് കൂട്ടേണ്ടിയിരിക്കുന്നു. സ്ത്രീകളോടുള്ള ഭൂരിഭാഗത്തിന്റേയും മനോഭാവത്തില്‍ മാറ്റമുണ്ടാവണം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബത്തില്‍ നിന്ന് തന്നെ ആരംഭിക്കണം. എങ്കില്‍ മാത്രമേ സമൂഹത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കുറവുണ്ടാവുകയുള്ളൂവെന്നും ഇത്തരം പോരാട്ടങ്ങള്‍ക്കൊപ്പം എന്നും ഈ പ്രവാസഭൂമികയില്‍നിന്നുള്ളവര്‍ ഉണ്ടാകുമെന്നും പ്രതിരോധ സംഗമം ഉറപ്പു നല്‍കി. ശോഭ സുരേഷ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല കുവൈറ്റ് അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന്‍, സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോര്‍ജ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.വി. ഹിക്മത്ത്, ശുഭ ഷൈന്‍, വനിതാവേദി ആക്ടിംഗ് പ്രസിഡന്റ് ഷെറിന്‍ ഷാജു, എന്‍. അജിത്ത് കുമാര്‍, കെ.വി. പരമേശ്വരന്‍, കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫര്‍, മേഖല കമ്മിറ്റിയംഗം ശ്യാമള നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍