ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫായ്മാന്‍ രാജിവച്ചു
Tuesday, May 10, 2016 5:44 AM IST
വിയന്ന: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സോഷ്യലിസ്റ് പാര്‍ട്ടിക്കേറ്റ ദയനീയ പരാജത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫായ്മാന്‍ ചാന്‍സലര്‍ പദവിയും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനവും രാജിവച്ചു. ഇതോടെ ഏഴര വര്‍ഷം നീണ്ട ഫായ്മാന്‍ ഭരണത്തിന് അന്ത്യമായി.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സോഷ്യലിസ്റ് പാര്‍ട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെത്തുടര്‍ന്നു പാര്‍ട്ടിയില്‍ ആരംഭിച്ച പൊട്ടിത്തെറിയാണ് ഫായ്മാന്റെ രാജിയില്‍ കലാശിച്ചത്. രാജി സ്വീകരിച്ച ഓസ്ട്രിയന്‍ പ്രസിഡന്റ് ഹൈന്‍സ് ഫിഷര്‍ താത്കാലിക ചാന്‍സലറായി വൈസ് ചാന്‍സലര്‍ ആര്‍നോള്‍ട് മിറ്റര്‍ലെനറെ നിയമിച്ചു. സോഷ്യലിസ്റ് പാര്‍ട്ടിയെ ഇനി വിയന്ന മേയര്‍ മിഖായേല്‍ ഹോയ്പല്‍ നയിക്കും.

രാജി പ്രസംഗത്തില്‍ തന്റെ ഏഴര വര്‍ഷക്കാലത്തെ ഭരണത്തിനു നല്‍കിയ സ്നേഹത്തിനും സഹകരണത്തിനും ഓസ്ട്രിയന്‍ ജനതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ പിന്‍ഗാമിക്ക് എല്ലാ സഹകരണവും ആശംസകളും നേര്‍ന്നുകൊണ്ടാണ് ഫായ്മാന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത്.

യൂറോപ്പിലെ പല രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍, തന്റെ രാജ്യത്ത് കാര്യമായ പ്രശ്നങ്ങളുണ്ടാകാതെ നോക്കുവാന്‍ ഫായ്മാന്‍ സര്‍ക്കാരിനായി. മറ്റുരാജ്യങ്ങളില്‍ ജനങ്ങളുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറന്ന നടപടികള്‍ സര്‍ക്കാരുകള്‍ കൈക്കൊണ്ടപ്പോള്‍ കടുത്ത നടപടികള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍