ബ്രിസ്കയുടെ സ്പോര്‍ട്സ് ഡേ മികവുറ്റതായി
Tuesday, May 10, 2016 5:41 AM IST
ബ്രിസ്റോള്‍: ബ്രിസ്കയുടെ ഈ വര്‍ഷത്തെ സ്പോര്‍ട്സ് ഡേ മേയ് എട്ടിനു സ്റ്റേപിള്‍ ഹില്ലിലെ പേജ് പാര്‍ക്കില്‍ നടന്നു. ബ്രിസ്കയുടെ മുന്‍ പ്രസിഡന്റുമാരായ ജോമോന്‍ സെബാസ്റ്യന്‍, ജോജിമോന്‍ കുര്യാക്കോസ്, ഷെല്‍ബി വര്‍ക്കി എന്നിവര്‍ ചേര്‍ന്നു നിലവിളക്കു തെളിച്ചു സ്പോര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്തു.

രാവിലെ 11 മുതല്‍ വൈകുന്നേരം 5.30 വരെയായിരുന്നു മത്സരങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

പ്രായം മറന്നു വീറോടെ മുതിര്‍ന്നവരും മത്സരത്തിനിറങ്ങിയതോടെ ഗ്രൌണ്ട് കുട്ടിക്കാലത്തേയ്ക്കുള്ള തിരിച്ചുപോക്കായി പലര്‍ക്കും. മത്സരത്തിന്റെ പിരിമുറുക്കമല്ല ജയിച്ചാലും തോറ്റാലും ഉത്സാഹത്തോടെ പങ്കെടുത്ത് അസോസിയേഷന്‍ പരിപാടി കൂടുതല്‍ രസകരമാക്കാനുള്ള ഒരു താത്പര്യമായിരുന്നു പങ്കെടുത്തവര്‍ക്കെല്ലാം ഉണ്ടായത്.

ആറു ഗ്രൂപ്പുകളിലായാണ് കുട്ടികളുടെ മത്സരം നടന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു. സ്പൂണ്‍ റേസ്, സൈക്കിള്‍ സ്ളോ റേസ്, പാസിംഗ് ബോള്‍, കസേരകളി, ചാക്കിലോട്ടം തുടങ്ങി എല്ലാ പരിപാടികളും മത്സരാര്‍ഥികളുടെ പങ്കാളിത്തത്തോടെ ഗംഭീരമായി. ബ്രിസ്ക ക്രിക്കറ്റ് ക്ളബ് ഒരുക്കിയ ഭക്ഷണശാലയും രുചികരമായ വിഭവങ്ങള്‍ സമ്മാനിച്ചു.

സ്പോര്‍ട്സ് ഡേ വിജയകരമാക്കി തീര്‍ക്കാന്‍ ബ്രിസ്ക സെക്രട്ടറി ജോസ് തോമസ്, സ്പോര്‍ട്സ് സെക്രട്ടറി നിതിന്‍ ലുക്ക് സെബാസ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം പ്രത്യേകം ശ്രമിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളും മറ്റു അംഗ അസോസിയേഷന്‍ ഭാരവാഹികളും എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായി.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഒണാഘോഷദിവസം ഗ്രീന്‍ വേ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്