ജലക്ഷാമം സമ്പദ്വ്യവസ്ഥയെ ബാധിക്കും: ലോക ബാങ്ക്
Tuesday, May 10, 2016 5:38 AM IST
ബെര്‍ലിന്‍: രൂക്ഷമായി വരുന്ന ജലക്ഷാമം രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പാദനത്തില്‍ ആറു ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് 'ഹൈ ആന്‍ഡ് ഡ്രൈ: ക്ളൈമറ്റ് ചെയ്ഞ്ച്, വാട്ടര്‍ ആന്‍ഡ് ദ ഇക്കണോമി' എന്ന തലക്കെട്ടില്‍ ഇറങ്ങിയ റിപ്പോര്‍ട്ടു പറയുന്നു. കൂടാതെ, ജലക്ഷാമത്തെ തുടര്‍ന്നു വിവിധ ഭാഗങ്ങളില്‍ പലായനങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നു.

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ നിലവില്‍ ധാരാളം വെള്ളം ലഭിക്കുന്ന മധ്യആഫ്രിക്കയും കിഴക്കന്‍ ഏഷ്യയുംകൂടി ജലദൌര്‍ലഭ്യത്തിലേക്കു നീങ്ങും. ഇപ്പോള്‍ത്തന്നെ പ്രതിസന്ധി രൂക്ഷമായ പശ്ചിമേഷ്യയിലും ആഫ്രിക്കയിലെ സഹലിലും സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ഈ മേഖലകളിലെ ആഭ്യന്തര ഉത്പാദനം 2050ഓടെ ആറു ശതമാനം കുറയും.

ജലക്ഷാമം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണെന്നും കാലാവസ്ഥാ വ്യതിയാനം പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു. എന്നാല്‍, പ്രതിസന്ധി തിരിച്ചറിഞ്ഞ് നടപടികളെടുക്കാന്‍ രാജ്യങ്ങള്‍ തയാറാകുമ്പോള്‍ അതിനനുസൃതമായ ഫലങ്ങള്‍ കാണുന്നുണ്െടന്നും മെച്ചപ്പെട്ട ജലവിനിയോഗ നയം ആവിഷ്കരിക്കുന്നത് നഷ്ടം കുറയ്ക്കുമെന്നും ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധനായ റിച്ചാര്‍ഡ് ദമനിയ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍