'ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളി സംഘടനകള്‍ക്കു മാതൃക'
Monday, May 9, 2016 8:24 AM IST
ഫിലഡല്‍ഫിയ: മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റേറ്റ് കേരള ഫോറം അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയാണെന്നു ഡോ. കൃഷ്ണകിഷോര്‍ അഭിപ്രായപ്പെട്ടു. ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ 2016ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ മറ്റു നഗരങ്ങളില്‍ കാണാത്ത ഐക്യം ഫിലഡല്‍ഫിയായില്‍ കാണാന്‍ കഴിഞ്ഞെന്നും മലയാളികളുടെ പൊതു ഉത്സവങ്ങളായ ഓണം, കേരളപ്പിറവി എന്നിവ കൊണ്ടാടുക വഴി ഉദാത്തമായ മാതൃകയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിനു ട്രൈസ്റേറ്റ് കേരള ഫോറം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കേരള ഫോറം ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍, സെപ്റ്റംബര്‍ നാലിനു ഫിലഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്ന സംയുക്ത ഓണാഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ട്രൈസ്റേറ്റ് ഏരിയായിലുള്ള 15ല്‍പരം സംഘടനകളുടെ പിന്തുണ തേടി ഓണാഘോഷ ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായും അറിയിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോര്‍ജ് ഓലിക്കല്‍ (ഫൊക്കാന), അലക്സ് തോമസ് (ഏഷ്യന്‍ ഫെഡറേഷന്‍), സുധ കര്‍ത്ത (പമ്പ), തമ്പി ചാക്കോ (മുന്‍ ചെയര്‍മാന്‍), ബെന്നി കൊട്ടാരത്തില്‍ (കോട്ടയം അസോസിയേഷന്‍), രാജന്‍ സാമുവല്‍ (ഫ്രണ്ട്സ് ഓഫ് തിരുവല്ല), സജി കരിംകുറ്റി (ഫ്രണ്ട്സ് ഓഫ് റാന്നി), വിന്‍സെന്റ് ഇമ്മാനുവല്‍ (എഷ്യാനെറ്റ്) എന്നിവര്‍ സംസാരിച്ചു. സുമോദ് നെല്ലിക്കാല, അനൂപ് ജോസഫ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. ട്രൈസ്റേറ്റ് കേരള ഫോറം ജനറല്‍ സെക്രട്ടറി തോമസ് പോള്‍ പരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ സുരേഷ് നായര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍